തൊഴിലിടത്തിലേക്ക് വഴിതുറക്കാൻ അഴീക്കോട് തൊഴിൽതീരം പദ്ധതി

 


അഴീക്കോട്:-മത്സ്യത്തൊഴിലാളി വിഭാഗത്തിലുള്ളവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള തൊഴിൽതീരം പദ്ധതിക്ക് അഴീക്കോട് മണ്ഡലത്തിൽ തുടക്കമായി. കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉന്നതതല ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗം ചിറക്കൽ ബാങ്ക് ഹാളിൽ ചേർന്നു. തീരദേശ മേഖലയുടെ വളർച്ചക്ക് പദ്ധതി ഗുണം ചെയ്യുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ വി സുമേഷ് എം എൽ എ പറഞ്ഞു. മത്സ്യബന്ധന സമൂഹത്തിലെ അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികൾക്ക് തൊഴിൽ നൈപുണി പരിശീലനത്തിലൂടെ വൈജ്ഞാനിക തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ 46 തീരദേശമണ്ഡലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത്  മണ്ഡലങ്ങളിലാണ് പദ്ധതിയുടെ പൈലറ്റ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ളവരെ ഡിഡബ്‌ള്യുഎംഎസ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കി അവർക്ക് പരമാവധി തൊഴിൽ ലഭ്യമാക്കുക, സ്വകാര്യമേഖലയിൽ മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. പരമ്പരാഗത തൊഴിലുകളിൽ നിന്ന് മാറി പുതുതലമുറക്ക് മറ്റ് മേഖലകൾ കണ്ടെത്താൻ പദ്ധതി സഹായകമാകും. പ്ലസ് ടു, തത്തുല്യ യോഗ്യത ഉള്ളവർ, 18 നും 40നും ഇടയിൽ പ്രായമുള്ള യുവാക്കൾ, ക്ഷേമനിധി ബോർഡ് അംഗങ്ങൾ, കുടുംബങ്ങൾ, ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളിലെ ഉദ്യോഗാർഥികൾ തുടങ്ങിയവർക്കാണ് പദ്ധതി ഗുണം ചെയ്യുക.

പദ്ധതിയുടെ ഭാഗമായി കെ വി സുമേഷ് എം എൽ എ ചെയർമാനായ സംഘാടക സമിതി രൂപീകരിച്ചു. ഗുണഫലം പ്രാദേശികമായി എത്തിക്കാൻ കമ്യൂണിറ്റി വളണ്ടിയർമാരെ തെരഞ്ഞെടുക്കും. തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, മത്സ്യത്തൊഴിലാളി യൂണിയൻ, സംഘടന പ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, യൂത്ത് ക്ലബ് അംഗങ്ങൾ, മത്സ്യബന്ധന മേഖലയിലെ ഏജൻസികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി പ്രാദേശികതല ബോധവൽക്കരണ പരിപാടികൾ നടത്തും. തൊഴിൽ ക്ലബ് രൂപീകരണം, പ്രാദേശിക സംഗമങ്ങൾ, ഡിഡബ്‌ള്യുഎം എസ് രജിസ്‌ട്രേഷൻ ക്യാമ്പയിനുകൾ എന്നിവ നടത്തും. സ്‌കിൽ ഗ്യാപ് അസസ്‌മെന്റ്, നൈപുണ്യ വികസന പരിശീലനം, ഓറിയന്റേഷൻ എന്നിവ പൂർത്തിയാക്കി ജനുവരി 30നകം തൊഴിൽ മേള നടത്തും. പദ്ധതിയിലൂടെ തൊഴിൽ നേടിയവരുടെ മണ്ഡലതല സംഗമം ഫെബ്രുവരിയിൽ നടക്കും.

യോഗത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ അധ്യക്ഷത വഹിച്ചു. മിഷൻ റീജ്യണൽ പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ അജീഷ് (അഴീക്കോട്), കെ രമേശൻ (നാറാത്ത്), പി ശ്രുതി (ചിറക്കൽ), മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ പി വി സൗമ്യ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, ഫിഷറീസ്, തൊഴിൽ, വ്യാവസായിക വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ, അസാപ്പ്, ഐസിടി അക്കാദമി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Previous Post Next Post