കണ്ണൂർ:-അഞ്ച് വയസ്സുവരെയുള്ള കുട്ടികളില്‍ വാക്സിന്‍ എടുക്കാത്തതോ ഭാഗികമായി എടുത്തിട്ടുള്ളതോ ആയവരെ പൂര്‍ണ വാക്സിനേഷനിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് സമ്പൂര്‍ണ വാക്‌സിനേഷന്‍ തീവ്രയജ്ഞം 5.0 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. അഞ്ച് വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കാന്‍ മൂന്ന് ഘട്ടങ്ങളിലായാണ് യജ്ഞം നടത്തുന്നത്. ആഗസ്റ്റ് ഏഴ് മുതല്‍ 12 വരെ, സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ, ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയാണ് വാക്‌സിനേഷന്‍ നടത്തുക. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് സമയം. പ്രായാനുസൃതമായ ഡോസുകള്‍ എടുക്കാത്ത 0-23 മാസം പ്രായമുള്ള കുട്ടികള്‍, എം ആര്‍ 1, എം ആര്‍ 2, ഡി പി റ്റി ബൂസ്റ്റര്‍, ഒ പി വി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ എടുക്കാത്ത രണ്ട് മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍, വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് ഈ പരിപാടിയിലൂടെ വാക്‌സിന്‍ നല്‍കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എം പി ജീജ അധ്യക്ഷത വഹിച്ചു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ജി അശ്വിന്‍, സൂപ്രണ്ട് ഡി എച്ച് ഡോ.എം പ്രീത, എംസിഎച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി ജി പ്രീത, നഴ്‌സിങ് സൂപ്രണ്ട് ലൗലി എബ്രഹാം, ആര്‍എംഒ ഡോ.പി സുമിന്‍ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.