ബെംഗളൂരു:- ചന്ദ്രയാന്‍-3 പേടകത്തിലെ വിക്രം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിന്റെ സഞ്ചാര പാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തി. ഇതിന്റെ ചിത്രങ്ങള്‍ ഐ എസ് ആർ ഒ എക്‌സില്‍ പങ്കുവെച്ചു.
റോവറിലെ നാവിഗേഷന്‍ ക്യാമറ വഴിയാണ് ചിത്രങ്ങള്‍ ലഭിച്ചത്. മുന്നില്‍ ഗര്‍ത്തം കണ്ടെത്തിയത് കൊണ്ട് റോവറിന്റെ ചന്ദ്രനിലൂടെ ഉള്ള സഞ്ചാര പാതയില്‍ മാറ്റം വരുത്തി. റോവര്‍ നിന്നിരുന്ന സ്ഥലത്ത് നിന്ന് മൂന്ന് മീറ്റര്‍ അകലെയാണ് ഗര്‍ത്തം കണ്ടെത്തിയത്.
നാല് മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം ആണിതെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. തുടര്‍ന്ന് വഴി തിരിച്ചു പോകാന്‍ റോവറിന് നിര്‍ദേശം നല്‍കുക ആയിരുന്നു. പുതിയ പാതയിലേക്ക് റോവര്‍ സുരക്ഷിതമായി നീങ്ങുന്നതായും ഐ എസ് ആര്‍ ഒ അറിയിച്ചു.
ആറ് ചക്രങ്ങളുള്ള സോളാറില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ ചന്ദ്രോപരിതലത്തിൽ ഇറങ്ങി 14 ദിവസം സഞ്ചരിച്ച് വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കും. ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകല്‍. അത് കഴിയുന്നതോടെ ചന്ദ്രന്‍ ഇരുട്ടിലേക്ക് പോകും.