ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു

 



ഹൈദരാബാദ്:-ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗങ്ങൾ മൂലം ചികിത്സയിലിരിക്കേ സ്വദേശമായ ഹൈദരാബാദിലായിരുന്നു അന്ത്യം. 'ഇന്ത്യൻ പെലെ' എന്നറിയപ്പെട്ടിരുന്ന ഹബീബ് 1970-കളിൽ ഇന്ത്യൻ ഫുട്ബോളിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച താരമാണ്.

ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ന്യൂയോർക്ക് കോസ്‌മോസിനെതിരെ 1977 സെപ്റ്റംബർ 24ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മോഹൻ ബഗാനു വേണ്ടി ഗോൾ നേടിയ താരം കൂടിയാണ്. അന്ന് പെലെയുടെ പ്രശംസ ഏറ്റുവാങ്ങാൻ അദ്ദേഹത്തിനായി. 1965 മുതൽ 1975 വരെ ദേശീയ ടീമിനായി കളിച്ച അദ്ദേഹം 1970-ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിങ് തുടങ്ങി കൊൽക്കത്തയിലെ മൂന്ന് വമ്പൻ ക്ലബ്ബുകൾക്കായും ബൂട്ടുകെട്ടി. ദേശീയ ടീമിനായി 35 മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ നേടി. തെലങ്കാന സ്വദേശിയായ അദ്ദേഹം സന്തോഷ് ട്രോഫിയിൽ ബംഗാളിന് വേണ്ടിയാണ് കളിച്ചത്. 1969-ൽ സന്തോഷ് ട്രോഫി കിരീടമുയർത്തിയ ബംഗാൾ ടീമിൽ അംഗമായിരുന്നു. 11 ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്‌കോററും ഹബീബായിരുന്നു.

Previous Post Next Post