മറയൂർ:- കനത്ത വെയിലും കുറഞ്ഞ വിലയും വീണ്ടും തക്കാളി കർഷകനെ ദുരിതത്തിലാക്കി. കനത്ത ചൂടിനെ പ്രതിരോധിക്കുവാൻ കഴിയാതെ നശിച്ച തക്കാളി ചന്തകളിൽ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ.
കേരള അതിർത്തി ടൗണായ ഉദുമൽപ്പേട്ട ചന്തയിലാണ് തക്കാളി ഉപേക്ഷിച്ച് കർഷകർ മടങ്ങിയത്. രണ്ട് മാസത്തിന് മുൻപ് വിളവ് കുറഞ്ഞതിനാൽ തക്കാളി വില 150 രൂപയായി ഉയർന്നിരുന്നു. വില വർധിച്ച സാഹചര്യത്തിൽ കൂടുതൽ കർഷകർ തക്കാളി കൃഷിയിലേക്ക് തിരിഞ്ഞു. ഒരാഴ്ച മുൻപ് വീണ്ടും വിളവെടുപ്പ് ആരംഭിച്ച് തക്കാളി വരവ് വിപണികളിൽ വർധിച്ചപ്പോൾ വീണ്ടും വില ഗണ്യമായി കുറഞ്ഞു.
150 രൂപയിൽ നിന്നും 10 രൂപയിലേക്ക് വില താഴ്ന്നു. വിളവെടുപ്പ് കൂലി പോലും ലഭിക്കാതെ കർഷകർ ദുരിതം അനുഭവിക്കുമ്പോഴാണ് കനത്തചൂട് താങ്ങാതെ തക്കാളി നശിക്കുന്നത്. രണ്ട് മാസമായി കനത്തചൂട് തുടരുന്നതിനാൽ വിളവും കുറഞ്ഞു. ഉദുമൽപേട്ട ചന്തയിൽ 14 കിലോ പെട്ടി തക്കാളിക്ക് 50 രൂപ മുതൽ 240 രൂപ വരെയാണ് കർഷകന് വില ലഭിക്കുന്നത്.