കൊളച്ചേരി :- ചേലേരിയില്‍ താമസിക്കുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിയാസുദ്ദീനെ (39) കാപ്പ ചുമത്തി ജയിലിലടച്ചു. ചേലേരി കൊളച്ചേരി പി.എച്ച്.സിക്ക് സമീപമാണ് ഇദ്ദേഹത്തിൻ്റെ താമസം. പുഴാതി സ്വദേശിയായ നിയാസുദ്ദീനെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) നിയമം 2007 വകുപ്പ് പ്രകാരമാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
കണ്ണൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നാല് കേസുകളും വളപട്ടണം സ്റ്റേഷനില്‍ രണ്ട് കേസുകളും കണ്ണൂര്‍ ആര്.പി.എഫ്, മയ്യില്‍, പരിയാരം എന്നീ സ്റ്റേഷനുകളിലായി ഓരോ കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരുന്ന ഇയാളെ മയ്യില്‍ ഇന്‍സ്പെക്ടര്‍ ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ സിറ്റി ജില്ല പോലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വരുന്നതായും പോലീസ് അറിയിച്ചു.