കൂട്ടായ്മയിൽ സിനിമകൾ നിർമ്മിച്ച് കുട്ടികൾ. ചലച്ചിത്ര പഠന ക്യാമ്പ് സമാപിച്ചു.

 


ഭാരതീയ നഗർ (കരിങ്കൽക്കുഴി): ഏറ്റവും ജനകീയമായ കലാ ആവിഷ്കാരമായ സിനിമ എങ്ങനെയാണ് നിർമ്മിക്കുന്നതെന്നതിൻ്റെ പ്രായോഗിക പാഠങ്ങളുമായി ചലച്ചിത്ര പഠന ക്യാമ്പ് സമാപിച്ചു.ക്യാമ്പിനൊടുവിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികൾ മൊബൈൽ ഫോണിൽ നിർമ്മിച്ച സിനിമകൾ പ്രദർശിപ്പിച്ചു.കെ.എസ് & എ.സി 48 മത് വാർഷികം നാട്ടുത്സവത്തിൻ്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നണിയൂർ എൽ പി സ്കൂളിൽ ചലച്ചിത്ര പഠന ക്യാമ്പ് സംഘടിപ്പിച്ചത്.

സിനിമയുടെ രസതന്ത്രം എന്ന വിഷയത്തിൽ സോദാഹരണ ക്ലാസ്സെടുത്തു കൊണ്ട് സംവിധായകനും ചലച്ചിത്ര നിരൂപകനുമായ വിജയകുമാർ ബ്ലാത്തൂർ ഉദ്ഘാടനം നിർവഹിച്ചു. സിനിമയുടെ ചരിത്രം, വ്യത്യസ്ത തരത്തിലുള്ള സിനിമകൾ, കാഴ്ചയുടെ ശാസ്ത്രം, സിനിമാ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ, ചിത്രീകരണം, എഡിറ്റിംഗ് പരിചയപ്പെടുത്തുന്നതിനോടൊപ്പം പ്രശസ്ത സിനിമകളുടെ ഭാഗങ്ങൾ പ്രദർശിപ്പിച്ചു.സംവിധായകനും തിരക്കഥാകൃത്തുമായ പ്രകാശ് വാടിക്കൽ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ സിനിമാ നിർമ്മാണം നടത്തി.

 ടീം തിങ്കേർസിൻ്റെ 'സുന്ദരിയുടെ ഒളിച്ചോട്ടം', ടീം ഫീനിക്സിൻ്റെ 'ജാഗ്രത ' എന്നീ ഹ്രസ്വ സിനിമകൾ പ്രമേയം കൊണ്ടും ആവിഷ്കാരം കൊണ്ടും ശ്രദ്ധേയമായി. വിജേഷ് കുട്ടിപ്പറമ്പിൽ, വിജേഷ് നണിയുർ എന്നിവർ നേതൃത്വം നൽകി.

സ്വാഗത സംഘം ചെയർമാൻ കെ.വി.ശശീന്ദ്രൻ അധ്യക്ഷനായി. കെ.എസ് & എ സി പ്രസിഡൻ്റ് വി.വി.ശ്രീനിവാസൻ വിശദീകരണം നടത്തി. സെക്രട്ടരി അരുൺകുമാർ പി.എം സംസാരിച്ചു.സ്വാഗത സംഘം കൺവീനർ ഭാസ്കരൻ പി നണിയൂർ സ്വാഗതവും ജോ.കൺവീനർ ഷൈനി പി.വി. നന്ദിയും പറഞ്ഞു.പ്രകാശ് വാടിക്കൽ സർട്ടിഫിക്കറ്റ് വിതരണം നടത്തി. തെരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.



Previous Post Next Post