ലഹരിവിരുദ്ധ സന്ദേശവുമായി കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 'അമ്മ വയര്‍' നാടകം അരങ്ങിലേക്ക്


കുറ്റ്യാട്ടൂര്‍ :- സമൂഹത്തെ പിടികൂടിയിരിക്കുന്ന മാരകമായ ലഹരി ഉപയോഗത്തിനെതിരെ പുത്തന്‍ സന്ദേശവുമായി അമ്മവയര്‍ നാടകം ഒക്ടോബര്‍ ഒന്നിന് അരങ്ങിലെത്തും. ജില്ലാ വിമുക്തി മിഷന്റെ സഹകരണത്തോടെ കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്താണ് ലഹരി വിരുദ്ധ സന്ദേശവുമായി നാടകം അരങ്ങിലെത്തിക്കുന്നത്. ഇതിലൂടെ ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണത്തിന്റെ വേറിട്ട വഴികള്‍ തേടുകയാണ് പഞ്ചായത്ത്.

നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കുറ്റ്യാട്ടൂര്‍ നാടകസഭയിലെ കലാകാരന്മാര്‍ ചേര്‍ന്നാണ് നാടകം അവതരിപ്പിക്കുന്നത്. ഈ കൂട്ടായ്മയുടെ ആദ്യ നാടകമാണിത്. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും നാടക പ്രവര്‍ത്തകനുമായ നിജിലേഷ് പറമ്പനാണ് നാടകത്തിന്റെ രചന നിര്‍വ്വഹിച്ചത്. സിനിമ- നാടക സംവിധായകന്‍ ജിജു ഒറപ്പടിയാണ് സംവിധാനം. ദീപു കാരക്കുന്ന് പശ്ചാത്തല സംഗീതവും വിനോ ഗോവിന്ദ് ചമയവും നിര്‍വഹിച്ച നാടകത്തില്‍ നാരായണന്‍ ചെറുവത്തലമൊട്ട, മുരളി കണിയാരത്ത്, പി വി ശ്രീജിന, ശ്രീജിഷ വിനോദ്, സന്തോഷ് അരയാല്‍മൊട്ട, അജേഷ്, പി.വി വൈഷ്ണവ്, വി.വി കാര്‍ത്തിക്, വിനോദ് വേശാല തുടങ്ങിയവരാണ് അഭിനേതാക്കള്‍. ലഹരിക്കടിമപ്പെട്ട് ജീവിതം നശിച്ച മകന്റെയും അവന്റെ കൈകളാല്‍ മരണപ്പെട്ട അമ്മയുടെയും വികാരഭരിതമായ ജീവിതമാണ് നാടകത്തിലുള്ളത്.

 ഒക്ടോബര്‍ ഒന്നിന് രാത്രി എട്ടുമണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ബാങ്ക് ഹാളില്‍ നാടകത്തിന്റെ ആദ്യ അവതരണം നടത്തും. പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം ചെയ്യും. വിമുക്തി മിഷനുമായി സഹകരിച്ച് തുടര്‍ന്നും വിവിധ കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്.

Previous Post Next Post