കണ്ണൂർ :- നിലവിൽ യൂണിയൻ ഭരിക്കുന്ന പ്രധാന കോളേജുകളിൽ ഭരണം നിലനിർത്തിയും മാടായി കോളേജും,ദേവമാത കോളേജും ഉൾപ്പടെയുള്ള കോളേജുകൾ തിരിച്ചുപിടിച്ചും KSU കരുത്ത് കാട്ടി. കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു വിന് ഉജ്ജ്വല വിജയം. ജില്ലയിലെ പ്രധാന ക്യാമ്പസുകളായ മാടായി കോളേജും,ദേവമാത കോളേജും ഉൾപ്പടെയുള്ള കോളേജുകൾ തിരിച്ചു പിടിക്കുകയും നിലവിൽ യൂണിയൻ ഭരിക്കുന്ന കൂത്തുപറമ്പ് നിർമ്മലഗിരി കോളേജും ഇരിട്ടി എം.ജി കോളേജും,ഇരിക്കൂർ സിബ്ഗ കോളേജും,എടത്തൊട്ടി ഡി-പോൾ കോളേജും നവജ്യോതി കോളേജ് ചെറുപുഴ,ആലക്കോട് മേരിമാതാ കോളേജ്,മുട്ടന്നൂർ കോൺകോഡ് ആർട്സ് &സയൻസ് കോളേജ്,എം.എം നോളജ് ആർട്സ് &സയൻസ് കോളേജ്,പേരാവൂർ മലബാർ ബി.എഡ് കോളേജ്,വിമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നിവിടങ്ങളിൽ ഭരണം നിലനിർത്തുകയും ചെയ്തു.
വർഷങ്ങൾക്ക് ശേഷം കണ്ണൂർ വനിതാ കോളേജിൽ ചെയർമാൻ സ്ഥാനം എസ്.എഫ്.ഐ യിൽ നിന്ന് പിടിച്ചെടുത്ത് ചരിത്ര വിജയം നേടുകയും ഡോൺ ബോസ്‌കോ കോളേജിൽ ചെയർമാൻ വൈസ് ചെയർമാൻ യു.യു.സി സീറ്റുകൾ ഉൾപ്പടെ പ്രധാന സീറ്റുകൾ കയ്യടക്കുകയും, എസ്.എഫ്.ഐ ആധിപത്യം തകർത്തെറിഞ്ഞ് നീണ്ട ഇടവേളക്ക് ശേഷം മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ മൂന്ന് മേജർ സീറ്റുകൾ വിജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ പല ക്യാമ്പസുകളിലും കെ.എസ്.യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യവും ഇത്തവണയുണ്ടായി.എസ്.എഫ്.ഐ എന്നത് വ്യാജന്മാരുടെയും തട്ടിപ്പുകാരുടെയും കൂടാരമാണെന്ന് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിലൂടെ അവർ എസ്.എഫ്.ഐ തൂത്തെറിഞ്ഞെന്നും ക്യാംപസുകളിൽ കെ.എസ്.യു വിന്റെ ശക്തമായ തിരിച്ചുവരവ് വിദ്യാർത്ഥിപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടി സമരമുഖം തീർത്ത കെ.എസ്.യു വിനുള്ള വിദ്യാർത്ഥികളുടെ അംഗീകാരമെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
എസ്.എഫ്.ഐ എന്നത് കേവലം ഭരണ വിലാസ ക്രിമിനൽ സംഘമായി അധപ്പതിച്ചിരിക്കുകയാണെന്നും ഇത്തരം സംഘടനകൾക്ക് ഇനി ക്യാംപസുകളിൽ സ്ഥാനമുണ്ടാവില്ലെന്നും പ്രതിസന്ധികളെ അതിജീവിച്ച് കരുത്തോടെ തിരിച്ചുവരുന്നതിന് കെ.എസ്.യു വിന് പിന്തുണ നൽകി കെ.എസ്.യു സ്ഥാനാർഥികളെ വിജയിച്ച പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹത്തിന് നന്ദി രേഖപ്പെടുത്തുന്നതായും ജില്ലാ പ്രസിഡന്റ് എം.സി അതുൽ പറഞ്ഞു.