കൃഷിയുടെ പുത്തൻ പാഠങ്ങളുമായി തുടർച്ചയായ നാലാം വർഷത്തിലേക്ക് കടന്ന് നണിയൂർ കൂട്ടുകൃഷി സംരംഭം


കൊളച്ചേരി :- കൃഷിയുടെ പുത്തൻ പാഠങ്ങളുമായി തുടർച്ചയായ നാലാം വർഷത്തിലേക്ക് കടന്ന് നണിയൂർ കൂട്ടുകൃഷി സംരംഭം. ആദ്യം 15 പേരിൽ തുടങ്ങിയ സംഘത്തിൽ ഇപ്പോൾ 19 പേരുണ്ട്. സി.നാരായണൻ പ്രസിഡന്റും കെ.വി ശിവൻ സെക്രട്ടറിയുമായ 19 പേരടങ്ങുന്ന കൂട്ടായ്മയാണ് നിലവിലുള്ളത്. പലരും പല ഘട്ടങ്ങളിൽ പരീക്ഷിച്ചു പരാജയപ്പെട്ട കൂട്ട് കൃഷിയെന്ന സങ്കല്പം പുതിയ കാഴ്ചപ്പാടും തുല്യ നീതിയും ഉറപ്പു വരുത്തിക്കൊണ്ട് ഈ സംഘം നെഞ്ചേറ്റി മുന്നേറുകയാണ്. കൃഷിയിൽ താല്പര്രായവരുടെ മാത്രം കൂട്ടായ്മയാണിത്. അതിൽ നണിയൂർ വയലിൽ കൃഷി സ്ഥലം ഇല്ലാത്തവരും വളരെ കുറച്ചു മാത്രം സ്ഥലമുള്ളവരും ഏക്കർ കണക്കിന് സ്ഥലമുള്ളവരും ഉൾപ്പെടുന്നു. സ്ഥലം ഉള്ളവരെല്ലാം കൂട്ടായ്മയിൽ ചേരണമെന്നില്ല. പകരം അവരുടെ കൂടി സ്ഥലം ഉപയോഗപ്പെടുത്തി പരമാവധി തരിശ് ഇല്ലാതാക്കി ഉൾപ്പാദനം ഉണ്ടാക്കുക എന്നതാണ് ഈ സംഘത്തിന്റെ ഉദ്ദേശം.

 ചെലവും വരവുമെല്ലാം തുല്യമായി വീതിക്കപ്പെടുന്നു എന്നത് കൊണ്ട് തന്നെ നല്ല സഹകരണമാണ് ഈ കൃഷിക്കുള്ളത്. കൊളച്ചേരി കൃഷി വന്റെയും ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഒക്കെ വിവിധ ഘട്ടങ്ങളിലുള്ള പിന്തുണയും സഹായങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. കൂടുതൽ ആളുകളെയും കൂടുതൽ സ്ഥലവും ഉൾപ്പെടുത്തി കൃഷി കുറേക്കൂടി വിപുലപ്പെടുത്തി കൊണ്ടുപോകാനും ഇവർ ഉദ്ദേശിക്കുന്നു. 

Previous Post Next Post