കണ്ണൂർ :- ജില്ലയിൽ ആരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ പദ്ധതിക്കായി ആദ്യഘട്ടത്തിൽ എത്തിക്കുന്നത് 15,000 കോഴിക്കുഞ്ഞുങ്ങളെ. 15 ഫാമുകളിലായാണ് ഇവയെ വളർത്തുക. ജില്ലയിൽ 4 സൂപ്പർവൈസർമാരാണ് പദ്ധതി നടത്തിപ്പിനുള്ളത്. കോഴിക്കോടുള്ള കേരള ചിക്കൻ പദ്ധതി ബ്രോയ്ലർ ഫാമിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. തളിപ്പറമ്പ് നാടുകാണിക്ക് സമീപം റവന്യു വകുപ്പ് വിട്ടുനൽകുന്ന 10 ഏക്കർ സ്ഥലത്ത് കോഴിക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്ന ബ്രീഡിങ് കേന്ദ്രം ഉടൻ ആരംഭിക്കുന്നുണ്ട്.
വിവിധ ജില്ലകളിൽ പദ്ധതി വിജയമായതിനു പിന്നാലെയാണ് കേരള ചിക്കൻ ജില്ലയിലും നടപ്പാക്കുന്നത്. കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ (കെപ്കോ) എന്നിവയാണു പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ ബ്രോയ്ലർ ഫാർമേ ഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പൊതുവിപണിയെക്കാൾ വിലകുറച്ചാണ് ചിക്കൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.