മയ്യിൽ:- കാത്തിരിപ്പുകൾക്ക് വിരാമമായി മുച്ചിലോട്ട് കഴകങ്ങളിലെ കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നണിയൂർ നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി കളിയാട്ടം 2023 നവംബർ10,11,12,13.,വെള്ളി,ശനി,ഞായർ,തിങ്കൾ (തുലാം 24,25,26,27) എന്നീ തീയ്യതികളിൽ നടത്തപ്പെടുന്നു .
നവംബർ 13 ന് ഉച്ചയ്ക്ക് 2 മണിക്ക് ആശ്രീതവത്സലയും അന്നപൂർണ്ണേശ്വരിയുമായ ഭുവനിമാതാവ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരുന്നതായിരിക്കും.ജന്മാരി ശ്രീ.സജീവൻ പെരുവണ്ണാനാണ് (പെരുമാച്ചേരി, യശ്ശശരിരനായ ശ്രീ.കണ്ണൻ പെരുവണ്ണാന്റെ മകൻ) മുച്ചിലോട്ടമ്മയുടെ ഈ വർഷത്തെ തിരുമുടി അണിയുന്നത്.
വളപട്ടണം പുഴക്കരയിൽ വിശ്വ പ്രസിദ്ധമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പ ക്ഷേത്രത്തിന് സമീപം ആയാണ് നമ്പ്രം മുച്ചിലോട്കാവ് സ്ഥിതി ചെയ്യുന്നത്. കോടല്ലൂർ നമ്പൂതിരിയുടെ ജന്മദേശത്തെ കാരണവന്മാരാണ് ഈ മുച്ചിലോട്കാവ് സ്ഥാപിച്ചതെന്ന് ഇവിടുത്തെ ഗ്രാമവാസികൾ വിശ്വസിക്കുന്നു. നമ്പ്രത്തച്ഛൻറ പെരുമകാണ്ടും പ്രശസ്തമായ നമ്പ്രം മുച്ചിലോട്ട് ഭഗവതിക്ഷേത്രം, ഭഗവതിയുടെ തോറ്റംപാട്ടിൽ പരാമർശിക്കുന്ന 18 മുച്ചിലോട് കാവുകളിൽ ഏഴാം സ്ഥാനമാണ് നമ്പ്രത്തിനുള്ളത്. സമീപ പ്രദേശത്തെ മുത്തപ്പൻ ക്ഷേത്രം , ദുർഗ്ഗാ ഭഗവതി ക്ഷേത്രം, പുതിയ ഭഗവതി കാവ് തുടങ്ങിയവയുമായി നമ്പ്രം ശ്രീ മുച്ചിലോടിന് അഭേദ്യമായ ബന്ധമുണ്ട്.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ വർഷംന്തോറും തുലാം 9ന് നടക്കുന്ന പുത്തരി ദിവസത്തെ വിളക്കിനുള്ള എണ്ണ മുച്ചിലോട് ഭഗവതി കാവിൽ നിന്നുമാണ് കൊണ്ടു പോകുന്നത്. കൂടാതെ മുച്ചിലോട്ടെ കളിയാട്ടം കഴിയുന്നതിന്റെ തലേനാൾ കോമരവും പരിവാരങ്ങളും പറശ്ശിനിക്കടവിലേക്ക് എഴുന്നള്ളാറുണ്ട്.അന്നപൂർണേശ്വരി അമ്മയ്ക്ക് പുറമെ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, പുലിയൂർ കണ്ണൻ, ചുഴലി ഭഗവതി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ എന്നീ ഉപദേവതകളെയും.ക്ഷേത്രത്തിൽ കെട്ടിയാടിക്കുന്നു. കുന്നത്ത് തറവാട്ടിലെ നമ്പ്രം വാണിയരാണ് മുച്ചിലോടിന്റെ അവകാശികൾ. ചെറുട്ടമേനാൽ കുടുംബമാണ് കോയ്മക്കാർ, സ്ഥാനികർ 4 പേരാണ്.