മുണ്ടേരി :- ബേക്കറി സാധനങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനത്തിന് മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിന് 25000 രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ മുണ്ടേരി ഗ്രാമപഞ്ചായത്തിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. കുടുക്കിമൊട്ടയിൽ പ്രവർത്തിക്കുന്ന സ്വീറ്റെക്സ് ബേക്കറിയുടെ അനുബന്ധ സ്ഥാപനമായ പലഹാര നിർമ്മാണശാലയിലാണ് നിയമവിരുദ്ധമായ രീതിയിൽ ജൈവഅജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി കത്തിക്കുന്നതായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയത്.
കുടുക്കിമൊട്ടയിലെ ബേക്കറിയിലെ അജൈവ മാലിന്യങ്ങൾ ഉൾപ്പെടെ ഹരിതകർമസേനയ്ക്ക് കൈമാറാതെ മറ്റ് മാലിന്യങ്ങളുമായി കൂട്ടിക്കലർത്തി ഇൻസിനറേറ്ററിൽ കത്തിക്കുകയാണ് ചെയ്തിരുന്നത്. സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒറ്റത്തവണ ഉപയോഗ നിരോധിത ഉൽപന്നങ്ങൾ കണ്ടെടുത്ത കുടുക്കിമൊട്ടയിലെ തന്നെ ഹോം സെന്റർ എന്ന സ്ഥാപനത്തിനും പതിനായിരം രൂപ പിഴ ചുമത്തി. പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, സ്ക്വാഡ് അംഗം ഷരീകുൽ അൻസാർ, മുണ്ടേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രിൻസിത എന്നിവർ പങ്കെടുത്തു.