കൊളംബോ : ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗജന്യ വിനോദസഞ്ചാര വിസ അനുവദിക്കാൻ ശ്രീലങ്ക മന്ത്രിസഭ തീരുമാനിച്ചു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ 2024 മാർച്ച് 31 വരെ നടപ്പാക്കും. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തൊനീഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ശ്രീലങ്കയിൽ എത്തുമ്പോഴാണ് സൗജന്യ വിസ അനുവദിക്കുക.
ശ്രീലങ്കയിൽ ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. 2019 ഈസ്റ്റർ ബോംബാക്രമണത്തെത്തുടർന്ന് സഞ്ചാരികൾ എത്തുന്നത് വൻതോതിൽ കുറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതമായിരുന്നു.