ഭാരതത്തിൽ ഒട്ടാകെ ഹൈന്ദവ സമൂഹം വിശേഷാൽ കൊണ്ടാടുന്ന ഉത്സവങ്ങളിൽ ഒന്നാണ് നവരാത്രി . സംസ്‌കൃതത്തിൽ ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി , ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് . ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന വിശേഷാൽ അവസരമാണ് നവരാത്രി മഹോത്സവം .
ആരാധനയുടേയും കലകളുടെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. പ്രധാനമായും സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ദേവി ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. നവരാത്രി ഭഗവതി പൂജയ്ക്ക് പേരുകേട്ട ദിവസങ്ങളായി കണക്കാക്കപ്പെടുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെ ഇത് സൂചിപ്പിക്കുന്നു.
മഴക്കാലത്തിനു ശേഷമുള്ള ശരത്കാല ഉത്സവമാണ് നവരാത്രി, ഇതിനെ ശരദ് നവരാത്രി എന്നും വിളിക്കുന്നു. ഈ വര്‍ഷം 2023 ഒക്ടോബര്‍ പതിനഞ്ചിനാണ് നവരാത്രി ഉത്സവങ്ങള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ 23ന് നവമിയും 24ന് ദശമിയും ആഘോഷിക്കും.
നവരാത്രി ദിനങ്ങളിൽ കേരളത്തിൽ സരസ്വതി പൂജയും വിദ്യാരംഭവും പ്രധാനമാണ് . വിജയദശമി ദിനത്തിലാണ് വിദ്യാരംഭം കുറിക്കുന്നത് . വിജയദശമിക്ക് മുന്നോടിയായി മൂന്ന് ദിനം പൂജ വെക്കുക എന്ന ചടങ്ങുണ്ട് . അഷ്ടമി ദിനത്തിൽ പൂജ വെച്ച് വിജയദശമി ദിനത്തിൽ ആരംഭം കുറിക്കുന്നു . മഹാനവമി ദിനത്തിൽ അധ്യയനം നിഷിദ്ധമാണ് . കലാകാരന്മാരും , വിദ്യാർത്ഥികളും മറ്റുദ്യോഗാർത്ഥികളും തങ്ങളുടെ പണി ആയുധങ്ങളും പുസ്തകങ്ങളും ദേവിക്ക് മുന്നിൽ പൂജ വെക്കുകയും , വിദ്യാരംഭത്തിന്റെ അന്ന് വിഘ്‌നേശ്വരനെ ഭജിച്ചു വീണ്ടും ആരംഭം കുറിക്കുകയും ചെയ്യുന്നു . .
കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നത് വിജയദശമി ദിനത്തിലാണ് . കലാകാരൻമാർ തങ്ങളുടെ അരങ്ങേറ്റം കുറിക്കുവാനും ദേവിയുടെ അനുഗ്രഹം പ്രാപതമാക്കുവാനും നവരാത്രി ദിനങ്ങൾ തിരഞ്ഞെടുക്കുന്നു . കർണാടകത്തിൽ കൊല്ലൂർ മൂകാംബികയിലും വിദ്യാരംഭം കേമമായിട്ടാണ് കൊണ്ടാടുന്നത് . അതിനാൽ തന്നെ കേരളത്തിൽ നിന്ന് മൂകാംബികയിൽ എത്തുന്ന ഭക്തജനങ്ങൾ ധാരാളമാണ് . കേരളത്തിലെ ദക്ഷിണമൂകാംബികയായ പനച്ചിക്കാട് ദേവീക്ഷേത്രവും ഈ ദിനങ്ങളിൽ വിവിധ ആഘോഷങ്ങൾ ആണ് സംഘടിപ്പിക്കാറുള്ളത് .
നവരാത്രി ദിനങ്ങളിൽ ആചരിക്കുന്ന ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങൾ ആയ ശൈലപുത്രി , ബ്രഹ്‌മചാരിണി , ചന്ദ്രഖണ്ഡ, കൂശ്മാണ്ട മാതാ ,സ്കന്ദമാതാ, കാർത്യായനി , കാലരാത്രി, മഹാഗൗരി ,സിദ്ധിദാത്രി എന്നിവർ നവദുർഗ്ഗമാരായി അറിയപ്പെടുന്നു .