കൺമുന്നിൽ കത്തിയമർന്ന് രണ്ട് ജീവനുകൾ ; വിറങ്ങലിച്ച് ആറാംമൈൽ ടൗൺ


കണ്ണൂർ :- കൺമുന്നിൽ ഒരു ഓട്ടോറിക്ഷയിൽ രണ്ട് ജീവനുകൾ നിമിഷനേരം കൊണ്ട് കത്തിച്ചാമ്പലാവുന്നതിന്റെ ഭീതിയിൽ വിറങ്ങലിച്ചിരിക്കുകയാണ് ഇന്നലെ രാത്രി ആറാംമൈൽ ടൗണിലുണ്ടായിരുന്നവർ. അപകടം നടന്നതിനു തൊട്ടടുത്തുള്ള സർവീസ് സ്റ്റേഷനിൽ നിന്ന് വെള്ളമെത്തിച്ച് തീ അണയ്ക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിലെ സി.എൻ.ജി സിലിണ്ടറിന് തീപിടിച്ചതോടെ ആളിപ്പടരുകയായിരുന്നു. പാനൂർ പാറാട് സ്വദേശികളും അയൽവാസികളുമായ പിലാവുള്ളതിൽ അഭിലാഷ്  (36), ഷജീഷ് (30) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അഭിലാഷിന്റെതാണ് ഓട്ടോ.

അപകട സമയത്ത് ആറാം മൈൽ ടൗണിലുണ്ടായിരുന്നവർ ഓടിക്കൂടിയെങ്കിലും ആളിപ്പടരുന്ന തീഗോളത്തിനുമുന്നിൽ രക്ഷാപ്രവർത്നം നടത്താനാവാതെ നിസഹായരാവുകയായിരുന്നു. ഓട്ടോയ്ക്കുള്ളിൽ നിന്ന് രക്ഷപ്പെടാനുള്ള യുവാക്കളുടെ അവസാന ശ്രമവും തീനാളങ്ങൾക്കിടയിലൂടെ നാട്ടുകാർ കാണുന്നുണ്ടായിരുന്നു. ഒടുവിൽ കൂത്തുപറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റെത്തി തീയണക്കുമ്പോഴേക്കും രണ്ടു യുവാക്കളുടെയും ജീവൻ നഷ്ടമായിരുന്നു.

ഇന്നലെ രാത്രി കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസ്സ് ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നിരുന്നു.

അഭിലാഷിന്റെ അച്ഛൻ : പരേതനായ കണ്ണൻ, അമ്മ : പൊക്കി, ഭാര്യ : ജാൻസി, സഹോദരങ്ങൾ : അനീഷ്, പ്രസന്ന, ശോഭ.

ഷജീഷിന്റെ അച്ഛൻ : പരേതനായ കുമാരൻ, അമ്മ : ജാനു, സഹോദരങ്ങൾ : ഷൈമ, ഷബ്‌ന. ഷജീഷ് അവിവാഹിതനാണ്.


Previous Post Next Post