കണ്ണൂർ :- ആകാശ ലോകത്തെക്കുറിച്ചുള്ള സംശയങ്ങൾ പങ്കു വെച്ചും കൗതുകങ്ങൾ അറിഞ്ഞും കുട്ടികൾ. ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്, ഐ എസ് ആർ ഒ എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'ആകാശത്തോളം അറിയാം' സെമിനാറിലാണ് ബഹിരാകാശ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ വിദ്യാർഥികൾ മനസിലാക്കിയത് . ജില്ലയിലെ 21 ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ 134 വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ നാല് മുതൽ 10 വരെ നടക്കുന്ന ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. ബഹിരാകാശവും സംരംഭകത്വവും എന്നതാണ് ഈ വർഷത്തെ ബഹിരാകാശ വാരാഘോഷത്തിന്റെ ആശയം കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ അസി. കലക്ടർ അനൂപ് ഗാർഗ് ഉദ്ഘാടനം ചെയ്തു. ഐ എസ് ആർ ഒ ഏവിയോണിക്സ് സയൻറ്റിസ്റ്റ് എഞ്ചിനീയർ എസ് ഫെമിനാ ബീഗം ബഹിരാകാശ സാങ്കേതിക വിദ്യകളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ചന്ദ്രയാൻ 3 ന്റെ വിക്ഷേപണ ദൃശ്യങ്ങൾ കൗതുകത്തോടെയാണ് കുട്ടികൾ കണ്ടത്. റോക്കറ്റുകളുടെയും സാറ്റലൈറ്റുകളുടെയും പ്രത്യേകതകൾ, അവയുടെ ഉപയോഗങ്ങൾ, ബഹിരാകാശ സാങ്കേതിക വിദ്യയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ ചാന്ദ്ര, ചൊവ്വാ ദൗത്യങ്ങൾ,ഗഗൻയാൻ, ബഹിരാകാശ പഠന മേഖലകൾ, ഐ എസ് ആർ ഒ യിലെ തൊഴിലവസരങ്ങൾ തുടങ്ങിയവ സെമിനാറിൽ പങ്കുവെച്ചു.
ഡെപ്യൂട്ടി കലക്ടർ (ഡിഎം) കെ വി ശ്രുതി കലക്ടറേറ്റ് സംവിധാനങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജില്ലാ ശിശു വികസന ഓഫീസർ ഡീന ഭരതൻ , ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ.കെ രവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ വി രജിഷ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ (ഐസി) നിതീഷ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു. കലക്ടറേറ്റിലേക്ക് ചിത്രങ്ങൾ വരച്ചു നൽകിയ വിദ്യാർഥികൾക്ക് അസി. കലക്ടർ ഉപഹാരങ്ങൾ നൽകി.