മയ്യിൽ:-അനാദിയായ പുസ്തകവെളിച്ചത്തെ സാക്ഷിയാക്കി അനേകം കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിച്ചു.സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച എഴുത്തിനിരുത്തിലാണ് അനേകം കുഞ്ഞുങ്ങൾ ആദ്യക്ഷരമെഴുതിയത്.ബഷീറും പൊറ്റെക്കാടും എംടിയും മാധവിക്കുട്ടിയും മാർകേസും ടോൾസ്റ്റോയിയും ഉൾപ്പെടെയുള്ള മഹാരഥൻമാരുടെ എഴുത്തും ജീവിതവും നിറഞ്ഞ ആയിരക്കണക്കിന് പുസ്തകങ്ങൾക്ക് നടുവിലിരുന്നായിരുന്നു വിദ്യാരംഭം.
തളികയിലെ അരിമണികളിൽ കൈ വിരലാൽ അമ്മയെന്ന് കുറിച്ചും ആനയെ വരച്ചും സ്വന്തം പേരെഴുതിയുമായിരുന്നു മതാചാരങ്ങളില്ലാത്ത വിദ്യാരംഭം. കുഞ്ഞുങ്ങൾക്ക് കൽക്കണ്ടവും സ്ലേറ്റും കല്ലുപെൻസിലും ചിത്രപുസ്തകങ്ങളും ചോക്ലേറ്റും ക്രയോൺസും ഉൾപ്പെടെ കൈനിറയെ സമ്മാനങ്ങളും ലഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയാണ് കുട്ടികൾക്ക് അദ്യക്ഷരം പകർന്നത്.എം ഷൈജു സംസാരിച്ചു.