തളിപ്പറമ്പ് :- തളിപ്പറമ്പ് നിയോജക മണ്ഡലം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം ഇടം പദ്ധതിയിലൂടെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേട്ടം കൈവരിച്ച് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം എം വി ഗോവിന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു.
ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സമഗ്ര പരിശീലനം നല്‍കുന്നതിലൂടെ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എല്ലാ പൗരന്മാരിലേക്ക് എത്തിക്കുകയും അവരെ ഡിജിറ്റല്‍ മേഖലയില്‍ അടിസ്ഥാനപരവും പ്രാഥമികവുമായ അവബോധമുള്ളവരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എം എല്‍ എ പറഞ്ഞു.
ഇടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചപ്പാരപടവിലെ 18 വാര്‍ഡുകളിലായി 293 പഠന കേന്ദ്രങ്ങള്‍ വഴി 4415 പേരാണ് ഡിജിറ്റല്‍ സാക്ഷരത നേടിയത്. ആറ് മാസം കൊണ്ടാണ് പഞ്ചായത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. മെയ് 3, 4 തീയതികളിലായാണ് ഒന്നാം ഘട്ട ആര്‍ പി പരിശീലനം നല്‍കിയത്.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മുഴുവന്‍ പേരെയും ഡിജിറ്റല്‍ സംവിധാനങ്ങളില്‍ പ്രാവീണ്യം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ മീഡിയ സാക്ഷരത യജ്ഞം 'ഇടം'. സംസ്ഥാന സര്‍ക്കാര്‍, സാക്ഷരതാ മിഷന്‍, കൈറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ചപ്പാരപ്പടവില്‍ പദ്ധതിയുടെ ആദ്യഘട്ടമായി വളണ്ടിയര്‍മാരെ നിയോഗിച്ച് വീടുകളില്‍ എത്തി ഡിജിറ്റല്‍ ഫോം സര്‍വ്വേ നടത്തിയാണ് പഠിതാക്കളെ കണ്ടെത്തിയത്. പിന്നീട് ഓരോ വാര്‍ഡിലും റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിശ്ചയിച്ച് പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കി. പഞ്ചായത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇവര്‍ മുഖാന്തരമാണ് പഠന കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ നല്‍കിയത്. ക്ലാസുകള്‍ നല്‍കുന്നതിനായി ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ വാര്‍ഡ് തലത്തില്‍ ഒരുക്കിയിരുന്നു. ദിവസം രണ്ടു മണിക്കൂര്‍ വീതം അഞ്ച് ദിവസത്തേക്കായിരുന്നു ക്ലാസുകള്‍ നടത്തിയത്. സ്മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ പണമിടപാട്, സാമൂഹ്യ മാധ്യമങ്ങള്‍, ഇമെയില്‍ എന്നിങ്ങനെ അഞ്ചു മേഖലകളിലായിരുന്നു ക്ലാസുകള്‍. കൈറ്റിന്റെ നേതൃത്വത്തില്‍ വീടുകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, സ്‌കൂളുകള്‍, ഹാളുകള്‍ എന്നിവിടങ്ങളിലായാണ് ആദ്യ ഘട്ടം പരിശീലനം നല്‍കിയത്. രണ്ടാം ഘട്ടമായി കുടുംബശ്രീ കേന്ദ്രങ്ങളില്‍ നടന്ന ക്ലാസുകള്‍ പരിശീലനം ലഭിച്ച കുടുംബശ്രീ ആര്‍ പിമാര്‍ നല്‍കി.
മികച്ച രീതിയില്‍ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തിയ അഞ്ച് ആര്‍ പിമാര്‍ക്കുള്ള ഉപഹാരം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രേമലത നല്‍കി. തളിപ്പറമ്പ് മണ്ഡലം കണ്‍വീനര്‍ കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍ പഞ്ചായത്തിനുള്ള പ്രശസ്തിപത്രം കൈമാറി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്‍ റഹ്‌മാന്‍ കുടുംബശ്രീക്കുള്ള പുരസ്‌കാരം നല്‍കി. മണ്ഡലം കോ ഓര്‍ഡിനേറ്റര്‍ പി പി ദിനേശന്‍ മാസ്റ്റര്‍ ആര്‍ പി മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൈറ്റ് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ കൊ ഓര്‍ഡിനേറ്റര്‍ കെ സുരേന്ദ്രന്‍ ലിറ്റില്‍ കൈറ്റ് സ്‌കൂളുകള്‍ക്കുള്ള ഉപഹാരം നല്‍കി.
ചപ്പാരപ്പടവ് എ എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ സാക്ഷരതയജ്ഞം പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ കെ ജെ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം മുഹമ്മദ് അജ്മല്‍, തങ്കമ്മ സണ്ണി, അംഗം കെ വി രാഘവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉനൈസ് എരുവാട്ടി, ഷീജ കൈപ്രത്ത്, ഡിജിറ്റല്‍ സാക്ഷരത യജ്ഞം പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ എം മൈമൂനത്ത്, കണ്‍വീനര്‍ ഡി മാത്തുക്കുട്ടി, ലിറ്റില്‍ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ പി ദിനേശന്‍, പഞ്ചായത്ത് സെക്രട്ടറി സി കെ ശ്രീകുമാര്‍, സിഡിഎസ് അംഗം ബിന്ദു രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.