കുറ്റ്യാട്ടൂർ :- പഠനത്തോടൊപ്പം തൊഴിൽ എന്ന ലക്ഷ്യത്തോടെ കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂളിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ സ്കൂൾ പോസ്റ്റോഫീസ് പദ്ധതി വിജയകരമായി രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ വർഷവും സ്കൂളിൽ നിന്ന് കുട്ടി പോസ്റ്റ് ഓഫീസ് ജീവനക്കാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ദേശീയ തപാൽദിനമായ ഒക്ടോബർ 10 ന് ഈ വർഷത്തെ പോസ്റ്റോഫീസിലെ കുട്ടി ജീവനക്കാരെ പോസ്റ്റ്ബോയ് , പോസ്റ്റ്ഗേൾ തസ്തികയിലേക്ക് നിയമിക്കും. എൽ. പി - യു. പി വിഭാഗങ്ങളിൽ നിന്നായി നാലുപേരെയാണ് ഒ.എം.ആർ പരീക്ഷയും അഭിമുഖ പരീക്ഷയും നടത്തു തെരഞ്ഞെടുത്തിട്ടുള്ളത്.
പോസ്റ്റ്ബോയ് തസ്തികയിലേക്ക് യു.പി വിഭാഗത്തിൽ നിന്ന് ശ്രീവേദ് രമേഷിനെയും എൽ.പി വിഭാഗത്തിൽ നിന്ന് അഹൻരാജിനെയും, പോസ്റ്റ്ഗേൾ തസ്തികയിലേക്ക് യു.പി വിഭാഗത്തിൽ നിന്ന് ധ്രുവയെയും , എൽ.പി വിഭാഗത്തിൽ നിന്ന് ആഷ്‌വിക ബൈജുവിനെയുമാണ് തെരഞ്ഞെടുത്തത്. ആകർഷകരമായ ശമ്പളവും മാസംതോറും 10 രൂപ ശമ്പള വർധനവും ജീവനക്കാർക്ക് ലഭിക്കും.
ഇന്ന് മൺമറഞ്ഞുപോയിരിക്കുന്ന കത്തെഴുത്ത് ശീലത്തെ കുട്ടികളിലൂടെ തിരിച്ച് കൊണ്ട് വരുന്നതിലൂടെ ഒരു പൊതുസ്ഥാപനത്തെ നേരിട്ട് പരിചയപ്പെടുത്തുക, എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്. 2022 - 23 അധ്യയന വർഷത്തെ SSK നടത്തിയ ഇന്നവേറ്റീവ് സ്കൂളിനുള്ള അവാർഡ് കണ്ണൂർ ജില്ലാതലത്തിലും, മികവ് സബ്ജില്ലാ തലത്തിലും , ഇന്നവേറ്റീവ് സബ്ജില്ലാ തലത്തിലും ഒന്നാം സ്ഥാനം ഈ പോസ്റ്റ് ഓഫീസ് പദ്ധതി നേടിയിരുന്നു. പഠനത്തോടൊപ്പം തൊഴിൽ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.