കണ്ണൂർ :- കണ്ണൂർ ടൗൺ പാർക്കിങ് ഇല്ലാത്തതും ടിപി സ്റ്റിക്കർ ഇല്ലാത്തതുമായ ഓട്ടോറിക്ഷകൾ ടൗണിലെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിനെതിരെ 31നകം മോട്ടർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം നവംബർ 1 മുതൽ ഇത്തരം ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നത് തടയുമെന്നും ടൗൺ പെർമിറ്റുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ കൺവൻഷൻ പ്രഖ്യാപിച്ചു.
നഗരത്തിൽ ഓട്ടോറിക്ഷകളുടെ പാർക്കിങ് ക്രമീകരിക്കാത്തതിനാൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പാർക്കിങ് അനുമതിയുള്ള ഓട്ടോറിക്ഷകൾ വ്യാപകമായി ടൗണിൽ വന്ന് പാർക്ക് ചെയ്ത് സർവീസ് നടത്തുകയാണെന്നും, ഇതുകാരണം ടൗണിൽ പാർക്കിങ് അനുമതിയുള്ള ഓട്ടോ റിക്ഷകളുടെ സർവീസ് ഗണ്യമായി കുറയുന്ന സാഹചര്യമാണെന്നും കൺവൻഷൻ ചൂണ്ടിക്കാട്ടി. ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ നടന്ന കൺവൻഷൻ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. എസ്എടിയു ജില്ലാ സെക്രട്ടറി എൻ.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
സി.കെ മുഹമ്മദ്, കസ്തൂരി ദേവൻ, സി.കെ ശശികുമാർ, അശ്റഫ് മുല്ല, കുന്നത്ത് രാജീവൻ, എൻ.ഷംസുദ്ദീൻ, ടി.ഷമീർ, പി.സി സാബിർ, എം.ആർ സുനിൽ, എ.പ്രമോദ്, എം.മുഹമ്മദ് റഷീദ് എന്നിവർ സംസാരിച്ചു.