കോഴിക്കോട്:- പ്രമുഖ വ്യവസായും സിനിമാ നിർമ്മാതാവുമായ പി വി ഗംഗാധരൻ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കർ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടില്ല. മലയാളികള്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ നല്‍കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ അമരക്കാരനായിരുന്നു അദ്ദേഹം. ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, തൂവല്‍ കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്‍റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകള്‍ നിര്‍മ്മിച്ചു.
മലയാള സിനിമയിലെ മുന്‍നിരക്കാര്‍ക്കൊപ്പം എക്കാലവും പ്രവര്‍ത്തിച്ച പി വി ഗംഗാധരന് നിര്‍മ്മിച്ച ചിത്രങ്ങള്‍ ഒരേസമയം കലാമൂല്യവും ജനപ്രീതിയും ഉള്ളവയായിരുന്നു. നിര്‍മ്മാതാവ് എന്ന നിലയില്‍ രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചു.
വ്യവസായിയും കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ പി വി സാമിയുടെയും മാധവിയുടെയും മകനായി 1943 ലാണ് പി വി ഗംഗാധരന്റെ ജനനം. എഐസിസി അംഗമായിരുന്നു. 2011 ല്‍ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. മാതൃഭൂമി മുഴുവൻ സമയ ഡയറക്ടര്‍ ആയിരുന്നു. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ സഹോദരനാണ്. മക്കളായ ഷെനുഗ ജയ്‍തിലക്, ഷെഗ്ന വിജില്‍, ഷെര്‍ഗ സന്ദീപ് എന്നിവരും ചലച്ചിത്ര നിര്‍മ്മാണ രംഗത്തുണ്ട്. എസ് ക്യൂബ് ഫിലിംസിന്‍റെ ബാനറില്‍ ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങള്‍ ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.