ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ സഹായിച്ചു ; പോക്സോ കേസിൽ അമ്മയ്ക്ക് 40 വർഷം കഠിനതടവ്


തിരുവനന്തപുരം : ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത കേസിൽ അമ്മയ്ക്ക്നാൽപ്പതര വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. ലീഗൽ സർവീസസ് അതോറിട്ടി കുട്ടികൾക്ക് നഷ്ട പരിഹാരം നൽകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.               

2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിൽ പ്രതിയുടെ മകളായ കുട്ടിയും പ്രതിയോടൊപ്പമുണ്ടായിരുന്നു. ഈ സമയം ശിശുപാലൻ കുട്ടിയെ പല തവണ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് അമ്മയായ പ്രതിയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു പ്രതിയുടെ മറുപടി. 

തുടർന്നും കുട്ടിയെ ശിശുപാലന്റെ വീട്ടിൽ കൊണ്ട് പോവുകയും പ്രതിയുടെ സാന്നിധ്യത്തിൽ പീഡനം ആവർത്തിച്ചു. 11 കാരിയായ ചേച്ചി ഇsയക്ക് വീട്ടിൽ വന്നപ്പോൾ പീഡന വിവരം പറഞ്ഞപ്പോഴാണ് ശിശുപാലൻ ചേച്ചിയേയും പീഡിപ്പിച്ചതായി കുട്ടി അറിയുന്നത്. ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ വിവരം പുറത്ത് പറഞ്ഞില്ല. പ്രതിയുടെ മൂത്ത മകളുടെ അച്ഛൻ മനോരോഗിയാണ്. ഇരയായ കുട്ടിയുടെ അച്ഛൻ മറ്റൊരാളാണ്. 

ചേച്ചി കുട്ടിയേയും കൂട്ടി വീട്ടിൽ നിന്ന് രക്ഷപ്പെട്ട് അച്ഛന്റെ അമ്മയുടെ വീട്ടിൽ എത്തി വിവരം പറഞ്ഞു. ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മുമ്മ പറഞ്ഞെങ്കിലും പ്രതിയായ അമ്മ കൂട്ടാക്കിയില്ല. ഇതിനിടെ പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരാളുമായി താമസം തുടങ്ങി. അയാളും ഇവരുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു. ഈ കേസിന്റെ വിചാരണയും തുടങ്ങിയിട്ടുണ്ട്. അമ്മുമ്മ സംഭവം പുറത്തറിയിച്ച് കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു.

അവിടെ നടന്ന കൗൺസിലിംഗിലാണ് കുട്ടികൾ വിവരം പുറത്ത് പറഞ്ഞത്. വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയതു. അതിനാൽ അമ്മയ്ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. കുട്ടികൾ ചിൽഡ്രൻസ് ഹോമിലാണ് നിലവിൽ കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.ആർ.വൈ.അഖിലേഷ് ഹാജരായി. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന അനിൽകുമാർ, ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഇരുപത്തി രണ്ട് സാക്ഷികളും മുപ്പത്തിമൂന്ന് രേഖകളും ഹാജരാക്കി. 

Previous Post Next Post