ചിറക്കൽ : അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് ചിറക്കൽ പുഴാതി ശ്രീ സോമേശ്വരി ക്ഷേത്രം ദ്വാരകാപുരിയിലെ കന്നിരാശിയിൽ സ്തംഭമുയർന്നു.
വെള്ളിയാഴ്ച രാവിലെ മുഹൂർത്ത രാശിയിൽ വാസ്തുശില്പി ചെറുതാഴം വടക്കേവീട്ടിൽ ശങ്കരൻ മേലാചാരിയുടെ വാസ്തു പൂജയ്ക്കുശേഷം രുദ്ര വാചസ്പതി ഗുരുവായൂർ കിഴിയേടം രാമൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികനായി തന്ത്രി പന്നിയോട്ടില്ലം മാധവൻ നമ്പൂതിരിപ്പാട്, കുറുമാത്തൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് പുഴാതി തട്ടകം തെയ്യ ജന്മാധികാരി അരമന വളപ്പിൽ കുഞ്ഞിരാമപ്പെരുമലയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാന യജ്ഞശാലയ്ക്കുള്ള സ്തംഭമുയർത്തിയത് . മാതൃസമിതിയുടെ നാമസങ്കീർത്തനങ്ങളുമുണ്ടായി.
ഡിസംബർ മൂന്നു മുതൽ 14 വരെയാണ് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യ രക്ഷാധികാരിയും പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി ചെയർമാനായുമുള്ള ഭക്തജന കൂട്ടായ്മയാണ് മഹാസത്രം ഒരുക്കുന്നത്.
തന്ത്രി പന്നിയോട്ടില്ലം മാധവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മുരളീ മോഹൻ , കുറുമാത്തൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, എ.വി കുഞ്ഞിരാമപ്പെരുമലയൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കരിപ്പാൽ കെ.കെ ഗംഗാധരൻ നമ്പ്യാർ, കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ, രാജീവൻ എളയാവൂർ, അച്യുതൻ നമ്പ്യാർ, അഡ്വ.എ.വി കേശവൻ, രാജൻ അഴീക്കോടൻ തുടങ്ങിയവർ സംസാരിച്ചു.
രാവിലെ ക്ഷേത്രത്തിൽ മാതൃ സമിതിയുടെ സഹസ്രനാമ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പുഴാതി ഇടം കരിഞ്ചാമുണ്ഡി സ്ഥാനത്തിനടുത്ത് സോമേശ്വരി ക്ഷേത്രം പടിഞ്ഞാറേ നടയിലാണ് ഭാഗവതസത്രത്തിനു വേണ്ടി ഒരേക്കർ സ്ഥലത്ത് വാസ്തുശില്പ കണക്കു പാലിച്ച് പ്രത്യേകം തയ്യാറാക്കുന്ന ദ്വാരകാപുരി ഒരുങ്ങുന്നത് .