കേന്ദ്ര അവഗണനയ്ക്കെതിരെ നാടാകെ ഒരുപോലെ നിൽക്കുക പ്രധാനം - മുഖ്യമന്ത്രി


തളിപ്പറമ്പ് :- കേരളത്തെ അവഗണിച്ച് ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സർക്കാറിന്റെ ക്രൂരമായ നടപടികൾക്കെതിരെ നാടാകെ ഒരുപോലെ നിൽക്കുക എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭ ഒന്നാകെ പങ്കെടുത്ത തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സ് ജനസാഗരത്തെ സാക്ഷിയാക്കി തളിപ്പറമ്പ് ഉണ്ടപറമ്പ് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. ഏറ്റവും പിന്നണിയിൽ കിടക്കുന്ന പാവപ്പെട്ട മനുഷ്യന്റെ ഗുണമേൻമയുള്ള ജീവിതം ഉറപ്പാക്കാനായ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ് എന്നതാണ് കേരള മോഡൽ എന്ന് അദ്ദേഹം പറഞ്ഞു. പട്ടിണി കിടക്കുന്ന മനുഷ്യർ ഉണ്ടാവരുത് എന്നാണ് കേരളത്തിന്റെ കാഴ്ചപ്പാട്. ഒരു വർഷത്തിനകം അതിദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ വി എൻ വാസവൻ, ജെ ചിഞ്ചുറാണി, പി പ്രസാദ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സി സ്വാഗതവും ഭൂരേഖ തഹസിൽദാർ കെ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാൻ 10 കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഭിന്നശേഷി വിഭാഗത്തിനും മുതിർന്നവർക്കും പ്രത്യേക കൗണ്ടറുകളും സജ്ജമാക്കി. വിവിധ കലാപരിപാടികളും അരങ്ങേറി.

വികസനകുതിപ്പിൽ ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളം മാറിയെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നീതി ആയോഗിന്റെ സുസ്ഥിര വികസനം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമാണം, സാമൂഹ്യ സുരക്ഷ പെൻഷൻ, വ്യവസായം, കുറഞ്ഞ ദാരിദ്ര സൂചിക എന്നിവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാവർക്കും ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമാണെന്ന് മനസിലാക്കി കെ ഫോൺ യാഥാർഥ്യമാക്കി. വിഴിഞ്ഞം തുറമുഖം, വിമാനത്താവം തുടങ്ങിയ നടപ്പാക്കാനാകില്ലെന്ന് പലരും പറഞ്ഞ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. വരുംകാലങ്ങളിലും പുതുമാർഗങ്ങൾ സൃഷ്ടിച്ച് സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി വാസവൻ പറഞ്ഞു.

കേരളത്തിൽ 25 വർഷത്തിനിടയിൽ വിദേശ രാജ്യങ്ങളോട് കിട പിടിക്കുന്ന തരത്തിലുള്ള സമഗ്രവികസനം നടപ്പിലാക്കുമെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ഇതിന്റെ ഭാഗമായാണ് നവകേരള സദസ്സിന് കേരളം തുടക്കം കുറിച്ചത്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിൽ രാജ്യത്ത് തന്നെ മാതൃകയായി കേരളം വളർന്നു. കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചപ്പോൾ ആരോഗ്യ മേഖലയിൽ മികവുറ്റ പ്രവർത്തനം നടത്താൻ കേരളത്തിന് കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്കരിച്ച് ആരോഗ്യ മേഖലയിൽ മുന്നേറാൻ സാധിച്ചു. താലൂക്ക് ആശുപത്രികളിൽ 100 കോടിയിൽ പരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മുഴുവൻ മണ്ഡലങ്ങളിലും വിദ്യാലയങ്ങളെല്ലാം ഹൈടെക് വൽക്കരിക്കാൻ സാധിച്ചു. സംസ്ഥാനത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കാനുള്ള നിരന്തര ഇടപെടൽ നടത്തിവരികയാണ്. സ്ത്രീ ശാക്തീകരണ രംഗത്ത് കേരളത്തിന് നമ്പർ വൺ ആകാൻ സാധിച്ചു. സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരാൻ പദ്ധതികൾ ആവിഷ്‌കരിച്ചു. പാലിലും മുട്ടയിലും സ്വയംപര്യാപ്തത കൈവരിക്കാൻ ഉള്ള പ്രവർത്തനങ്ങളുമായാണ് കേരളം മുന്നോട്ട് പോകുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ സർവ്വതല സ്പർശിയായ വികസനപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ നവകേരള സദസ്സിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസ്സിനെ ജനസാഗരങ്ങൾ ഏറ്റെടുത്ത കാഴ്ചയ്ക്കാണ് തളിപ്പറമ്പിൽ സാക്ഷ്യം വഹിച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കേരളത്തിൽ 2016 ന് ശേഷം പ്രകടമായ വികസനം നടപ്പിലായി. ദേശീയ പാത വികസനത്തിൽ കേരളം വീർപ്പുമുട്ടുകയാണ് എന്ന് പറഞ്ഞ മാധ്യമങ്ങളുടെ വാദങ്ങളെ കാറ്റിൽ പറത്തി അതിവേഗം പ്രവൃത്തി പുരോഗമിക്കുകയാണ്. ദേശീയ പാത വികസനത്തിന് പണം മുടക്കിയ ഏക സംസ്ഥാനം കേരളമാണ്. ഈ ഇനത്തിൽ 5580 കോടി രൂപ സംസ്ഥാനം മുടക്കി. എന്നാൽ കേരളത്തിലെ വിവിധ മേഖലകളിലായി കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട ഭീമമായ തുക കുടിശ്ശികയായി കിടക്കുകയാണ്.

ഇന്ത്യയിൽ പലയിടങ്ങളിലും അതിദരിദ്രർ അനുദിനം വർധിക്കുമ്പോൾ ആയിരത്തിൽ 7 പേർ മാത്രമാണ് കേരളത്തിൽ അതി ദാരിദ്രരായി ഉള്ളത്. ഇത് കൂടി ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആസൂത്രണം ചെയ്ത് വരികയാണ്. കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനമാണ് കേരളമെന്നാണ് ആർ ബി ഐ കണക്കുകൾ വ്യക്തമാക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ച് ലോകത്തിന് മുന്നിൽ കേരളം പുതു ചരിത്രമെഴുതുകയാണെന്ന് മന്ത്രി പറഞ്ഞു.


Previous Post Next Post