പറശ്ശിനിക്കടവ് :- പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന ഉത്സവത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഡിസംബർ രണ്ടിന് രാവിലെ 8.30ന് ശേഷം പരമ്പരാഗത രീതിയിൽ മാടമന തമ്പ്രാക്കളുടെ നേതൃത്വത്തിൽ ഉത്സവത്തിന് കൊടിയേറും. കൊടിയേറ്റത്തിനുശേഷം വൈകിട്ട് മൂന്നിന് മുത്തപ്പൻ വെള്ളാട്ടത്തിന്റെ മലയിറക്കലും മറ്റു ചടങ്ങുകളും നടക്കും.
ഇതിന് മുന്നോടിയായി മടപ്പുരയിലെ വിവിധ പാരമ്പര്യ അവക ശികളുടെ സമർപ്പണച്ചടങ്ങുകൾ നടക്കും. അവകാശികളായ പെരുവണ്ണാൻ, പെരുന്തട്ടാൻ, പെരുംകൊല്ലൻ, വിശ്വകർമൻ, മൂശാരി എന്നിവരുടെ നേതൃത്വത്തിൽ പുതുക്കിയ തിരുമുടി, കച്ച, ഉടയാടകൾ, സ്വർണം, വെള്ളി ആഭരണങ്ങൾ, തിരുവായുധങ്ങൾ എന്നിവ സമർപ്പിക്കുന്ന ചടങ്ങുകളാണ് പ്രധാനം. ഇതിന്റെ അണിയറ ഒരുക്കങ്ങൾ മടപ്പുരസന്നിധിയിൽ പുരോഗമിക്കുകയാണ്. പെരുവണ്ണാന്മാരുടെ നേതൃത്വത്തിൽ അണിലങ്ങളും തിരുമുടിയും ഒരുക്കുന്ന തിരക്കിലാണ്. പി.പി സുനിൽ പെരുവണ്ണാൻ (പട്ടുവം), കെ.വി ശ്രീനിവാസൻ (പറപ്പൂൽ), എ.ഷിജു (വയക്കര), വി.പി.അജേഷ് (കൂട്ടുംമുഖം) എന്നിവരുടെ കരവിരുതിലാണ് ഒരുക്കങ്ങൾ.
തിരുമുടിയിൽ ചാർത്താനും കോലങ്ങൾക്ക് അണിയാനുമുള്ള സ്വർണാഭരണങ്ങൾ പുതിയപുരയിൽ വിജയന്റെ (പരിയാരം) നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്. കെ.ടി.വി ബാലകൃഷ്ണൻ, പി.പി കുഞ്ഞമ്പു, വി.വി ജനാർദനൻ, കെ.പി അഭിനന്ദ്, കെ.മധു, പി.പി നാരായണൻ എന്നിവരും സഹായികളായുണ്ട്. മറ്റു പരമ്പരാവകാശികളും അവരവരുടെ സമർപ്പണങ്ങൾ ഒരുക്കുന്ന തിരക്കിലാണ്.