കാസർഗോഡ് :- പിണറായി സർക്കാരിന്റെ നവകേരള ജനസദസിന് കാസർകോട് തുടക്കമായി. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് ജനസദസിന്‍റെ ഉദ്ഘാടനം. നവകേരള ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെയാണ് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് വേദിയില്‍ സ്വീകരിച്ചത്.
ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണ് ‘നവകേരള സദസ്'. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്‍റെ സമാപനം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്താണെന്ന് ആരോപിച്ച് യുഡിഎഫ് നവകേരളസദസ് ബഹിഷ്കരിക്കുകയാണ്.
ഒരു ദിവസം ശരാശരി നാല് മണ്ഡലങ്ങളിലെങ്കിലും ജനകീയ സദസ്സുകൾ പൂര്‍ത്തിയാക്കും വിധമാണ് നവകേരള ജനസദസിന്റെ സമയക്രമീകരണം. ഓരോ ജനസദസ്സിനും ചുരുങ്ങിയത് 5000 പേരെങ്കിലുമുണ്ടാകണമെന്നാണ് സംഘാടക സമിതിക്കുള്ള നിര്‍ദ്ദേശം. മന്ത്രിസഭക്ക് മുന്നിലെത്തുന്ന പരാതികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ഇതിനകം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും ഭാവി വികസനത്തിന് നിര്‍ദ്ദേശങ്ങൾ സ്വീകരിക്കാനുമുള്ള പരിപാടിയുടെ ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കം കൂടിയാണ്.
ധൂർത്താരോപിച്ച് പരിപാടി പ്രതിപക്ഷം ബഹിഷ്കരിക്കുകയാണ്. നവകേരള സദസിന് ബദലായി ജനവഞ്ചന സദസുകൾ സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും സംഘത്തിനും തയ്യാറാക്കിയ ബസ് മുതൽ തദ്ദേശ സ്ഥാപനങ്ങലെ പിഴിഞ്ഞും സ്പോൺസര്‍മാരെ കണ്ടെത്തിയുമുള്ള ധനസമാഹരണമടക്കം വലിയ വിവാദങ്ങൾക്കിടെയാണ് യാത്ര തുടങ്ങുന്നത്.