കണ്ണൂർ :- ചുവന്ന മുളക്, ക്യാപ്സിക്കം, കാന്താരി എന്നിവയുടെ ഉൽപാദനം വർധിപ്പിക്കാനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കണ്ണൂർ ചില്ലീസിന്റെ ജില്ലാതല നടീൽ ഉദ്ഘാടനം ചെറുകുന്ന് പള്ളിച്ചാലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. ജില്ലയിലെ വിവിധ ഫാമുകളിൽ ഉൽപാദിപ്പിച്ച അത്യുല്പാദന ശേഷിയുള്ള തൈകൾ 20 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ചെറുകുന്ന്, മാട്ടൂൽ, ഏഴോം, കുഞ്ഞിമംഗലം, പടിയൂർ, പിണറായി, കടമ്പൂർ, പാട്യം, പായം എന്നീ പഞ്ചായത്തുകളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ചുവന്ന മുളക്, ക്യാപ്സിക്കം, കാന്താരി എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത വർഷത്തേക്ക് ജില്ല മുഴുവൻ കണ്ണൂർ ചില്ലീസ് വ്യാപിക്കുകയും കണ്ണൂർ ചില്ലീസ് ബ്രാൻഡിൽ മുളക് പൊടി വിപണിയിലിറക്കുമെന്നും പി.പി ദിവ്യ പറഞ്ഞു.
ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി. നിഷ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ബി സുഷ പദ്ധതി വിശദീകരിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, അംഗങ്ങളായ രേഷ്മ പരാഗൻ, കെ പത്മിനി, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി സജീവൻ, അംഗം പി എൽ ബേബി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, ചെറുകുന്ന് കൃഷി ഓഫീസർ എം സുരേഷ്, കൃഷി അസിസ്റ്റന്റ് എം കെ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു