ബെംഗളൂരു : ബെംഗളൂരു - മൈസൂരുപാതയിൽ കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം എടപ്പാൾ മാങ്ങാട്ടൂർ അസ്ലം (22) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകീട്ട് നാലോടെ രാമനഗര ഹൊസദുഡ്ഡിയിലാണ് അപകടമുണ്ടായത്. എടപ്പാളിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്ലമിനെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു. കാറിലുണ്ടായിരുന്ന സുഹൃത്ത് ആദിലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
മറ്റു മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. അപകടത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. ഓൾ ഇന്ത്യ കെ.എം.സി.സി. ഭാരവാഹിയായ അഫ്‌സൽ പാറമേൽ, നൗഷാദ് ബിഡദി എന്നിവരുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.അബ്‌ദുൾ ഖാദറാണ് അസ്ലമിന്റെ പിതാവ്. മാതാവ്: നസീമ. സഹോദരി: അൻസില.