അഴീക്കൽ :- മനസിൽ ആഗ്രഹിച്ചതു പോലെ വിമാനയാത്ര നടത്തി അഴീക്കൽ സ്കൂളിലെ കുട്ടികൾ. അഴീക്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ 16 വിദ്യാർഥികളും അധ്യാപകരുമാണ് ബംഗളൂരു-കൊച്ചി വിമാനയാത്ര പഠനയാത്രയുടെ ഭാഗമായി നടത്തിയത്. ബംഗളുരു വിശ്വേശരയ്യ സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ മ്യൂസിയം, കബോൺ പാർക്ക്, ലാൽ ബാഗ്, സ്നോ സിറ്റി, വിധാൻ സൗധ തുടങ്ങിയ സ്ഥലങ്ങളിലാണ് പഠനയാത്ര ഒരുക്കിയത്.
ഫിഷറീസ് വകുപ്പിന്റെ വിദ്യാതീരം പദ്ധതിയുടെ ഭാഗമായി പൂർണമായും സൗജന്യമായാണ് വിദ്യാർഥികൾക്ക് വിമാനയാത്ര തയാറാക്കിയത്. അസിസ്റ്റന്റ്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എ. കെ സംഗീത, അധ്യാപകരായ ഇ.ഒ.കെ ലസിത, എസ്. അനു എന്നിവർ നേതൃത്വം നൽകി. ബംഗളുരുവിലേക്ക് ട്രെയിൻ മാർഗം പോയ വിദ്യാർഥികളും സംഘവും അവിടെ നിന്ന് കൊച്ചിയിലേക്ക് വിമാനത്തിലും കൊച്ചിയിൽ നിന്ന് ട്രെയിനിൽ നാട്ടിലേക്കും തിരിക്കുകയായിരുന്നു.