പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായി കരിങ്കൽക്കുഴി - ഊട്ടുപുറം റോഡ്



കൊളച്ചേരി :- പൊട്ടിപ്പൊളിഞ്ഞ് വലിയ അപകടാവസ്ഥയിലായിരിക്കുകയാണ് കരിങ്കൽക്കുഴി - ഊട്ടുപുറം - ലെനിൻ റോഡ്. ഈ റോഡുകളിൽ പലയിടങ്ങളിലായി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് റീ താറിങ് നടത്തിയ റോഡാണിത്. എന്നാൽ ഇപ്പോഴത്തെ ഈ ശോചനീയാവസ്ഥ ഇതുവഴി കടന്നു പോകുന്ന വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. കൂടുതലും ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇരുചക്ര - മുച്ചക്ര വാഹനങ്ങൾക്കാണ്. 

റോഡിൽ പലയിടങ്ങളിലായി രൂപപ്പെട്ടിട്ടുള്ള വലിയ കുഴികൾ കാൽനട യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ദിവസേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡിലെ വളവുകൾക്ക് സമീപം ഉണ്ടായിട്ടുള്ള ഇത്തരം കുഴികൾ കൂടുതൽ അപകട സാധ്യത ഒരുക്കുകയാണ്.

ഇരുചക്ര വാഹനങ്ങൾക്ക് പുറമെ പലരും ഇതുവഴിയുള്ള യാത്രയ്ക്കായി ഓട്ടോറിക്ഷയെ ആണ് ആശ്രയിക്കാറുള്ളത്. എന്നാൽ റോഡിന്റെ ഈ അവസ്ഥ കാരണം വാഹനത്തിന് കടന്നു പോകാൻ വലിയ ബുദ്ധിമുട്ടാണെന്ന് ഓട്ടോതൊഴിലാളികൾ പറയുന്നു. ശോചനീയമായ ഈ റോഡ് വഴിയുള്ള ഓട്ടോറിക്ഷ ട്രിപ്പുകൾ പോകാൻ പലരും ബുദ്ധിമുട്ട് കാണിക്കുകയാണ്.

മഴ പെയ്യുന്നതോടെ കുഴികളിൽ ചെളിവെള്ളം നിറയുകളും യാത്രക്കാർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. നിരവധി വിദ്യാർത്ഥികളാണ് ദിവസേന ഇതുവഴി നടന്നു പോകാറുള്ളത്. കൂടുതൽ ചെറു വാഹനങ്ങളും ഇതുവഴി കടന്നു പോകാറുണ്ട്.

ഊട്ടുപുറം വഴി ലെനിൻ റോഡ് പ്രദേശത്തേക്കുള്ള റോഡും ഇതേ ശോചനീയാവസ്ഥയിലാണുള്ളത്.ഇത്രയും അപകടാവസ്ഥയിലായിരിക്കുന്ന ഈ റോഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിനു മുന്നേ അധികൃതർ ഇടപെട്ട് റീ താറിങ് നടത്തി യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെടെയും യാത്രക്കാരുടെയും ആവശ്യം.




Previous Post Next Post