പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ; രണ്ടാംഘട്ട പ്രവൃത്തിയുടെ പദ്ധതിരേഖ വേഗത്തില്‍ തയ്യാറാക്കും


കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിക്കായുള്ള ഡി പി ആര്‍ വേഗത്തില്‍ തയ്യാറാക്കും. ഇതിന് മുന്നോടിയായി കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.

നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം നേരത്തെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിരുന്നു. 4.01 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. ജലസാഹസിക ടൂറിസത്തിന്റെ ഭാഗമായുള്ള ഫ്ളോട്ടിംഗ് ഡൈനിംഗ് യൂനിറ്റുകള്‍, ഭക്ഷ്യ വിപണന കേന്ദ്രങ്ങള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍ തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയത്. ഇതിന് പിന്നാലെ രണ്ടാംഘട്ട പ്രവൃത്തിക്കാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതോടെ ഫണ്ട് അനുവദിക്കുമെന്ന് ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. ഫ്‌ളോട്ടിങ്ങ് ടര്‍ഫ്, ഓപ്പണ്‍ തീയ്യറ്റര്‍, പുഴയില്‍ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് തുടങ്ങിയവയാണ് രണ്ടാംഘട്ടത്തില്‍ സജ്ജമാക്കുക.

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്. കെ സജീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി മനോജ്, നാറാത്ത് ഗ്രാമപഞ്ചയാത്ത് പ്രസിഡണ്ട് കെ.രമേശന്‍, ഡി ടി പി സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍ തുടങ്ങിയവരാണ് എം.എൽ.എ യ്ക്കൊപ്പം സന്ദര്‍ശനം നടത്തിയത്.

Previous Post Next Post