തിരുവനന്തപുരം :- കുട്ടികൾക്കുള്ള ഉച്ചഭക്ഷണം മുടങ്ങാ തിരിക്കാൻ എല്ലാ സ്കൂളുകളിലും സാമൂഹിക പങ്കാളിത്തത്തോടെ ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ രൂപവത്കരിക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം. പി.ടി.എ. പ്രസിഡന്റും പൂർവവിദ്യാർഥി സംഘടനാ പ്രതിനിധിയുമൊക്കെ ഉൾപ്പെടുന്നതാവും ഇത്തരം സമിതി.
ഉച്ചഭക്ഷണത്തിന് പലിശയില്ലാതെ വായ്പയെടുക്കാനും അനുമതിയുണ്ട്. ഉച്ചഭക്ഷണത്തിനുള്ള സർക്കാർ ഫണ്ട് ലഭിക്കുമ്പോൾ പ്രഥമാധ്യാപകൻ വായ്പ തിരിച്ചടയ്ക്കണം. ഉച്ചഭക്ഷണത്തിനുള്ള കേന്ദ്രവിഹിതം മുടങ്ങുന്നത് പദ്ധതിനിർവഹണത്തെ ബാധിക്കാതിരിക്കാനാണ് സംരക്ഷണ സമിതികളെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് .എസ് വ്യക്തമാക്കി. പ്രാദേശിക വിഭവസമാഹരണത്തോടെ അധികവിഭവങ്ങൾ ഉൾപ്പെടുത്തി ഉച്ചഭക്ഷണം മെച്ചപ്പെടുത്തണം. സർക്കാർ ഫണ്ട് വൈകിയാൽ രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, പൗരപ്രമുഖർ എന്നിവരിൽനിന്നും പലിശരഹിത വായ്പയെടുക്കാം. ഇക്കാര്യം ഉച്ചഭക്ഷണ സംരക്ഷണസമിതിയിൽ ചർച്ചചെയ്തു തീരുമാനിക്കണം.
പ്രഭാതഭക്ഷണപദ്ധതി നടപ്പാക്കാൻ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും സ്പോൺസർഷിപ്പുമൊക്കെ സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. വാർഡ് അംഗം രക്ഷാധികാരിയും പ്രഥമാധ്യാപകൻ കൺവീനറുമാവും. പി.ടി.എ. പ്രസിഡന്റ്, സീനിയർ അധ്യാപകൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ, മദർ പി.ടി.എ. പ്രസിഡന്റ്, പൂർവവിദ്യാർഥിസംഘടനാ പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും. എയ്ഡഡ് സ്കൂളിൽ മാനേജരോ മാനേജരുടെ പ്രതിനിധിയോ അംഗമായി ഉണ്ടായിരിക്കണം. എല്ലാ സ്കൂളിലും 30-നുള്ളിൽ സംരക്ഷണസമിതികൾ രൂപവത്കരിക്കാനാണ് നിർദേശം.