തൃക്കരിപ്പൂർ :- ഐസ്ക്രീം കടയിൽ മോഷണം നടത്തിയ ശേഷം സ്കൂളിൽ കയറിയ കള്ളൻ ഭക്ഷണം പാകം ചെയ്തു കഴിച്ചു മടങ്ങി. കഴിഞ്ഞദിവസം തൃക്കരിപ്പൂർ ടൗണിലായിരുന്നു സംഭവം. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. വി.പി.പി മുഹമ്മദ്കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ ഫ്രീസി ബൈറ്റ്സ് എന്ന ഐസ്ക്രീം കടയിൽ കയറി ആയിരത്തിലധികം പണം കവർന്നു. ഇവിടെനിന്നുള്ള മോഷണത്തിന്റെ ദൃശ്യമാണ് ലഭിച്ചത്. ഷാൾ ഉപയോഗിച്ച് മുഖം മറച്ച് പണം കവരുന്നതാണ് ദൃശ്യത്തിൽ ലഭിച്ചത്.
മുഖം മറയ്ക്കാതെ തലയിൽ കെട്ടിയ ചിത്രവുമുണ്ട്. തൊട്ടടുത്ത കൂലേരി ജി.എൽ.പി സ്കൂളിൽ ക്ലാസ് മുറിയുടെ പൂട്ട് പൊളിച്ചു അകത്തു കടന്ന മോഷ്ടാവ്, ലാപ്ടോപ് ഉൾപ്പെടെ വിലപ്പെട്ടതൊന്നും കവർന്നില്ല, പക്ഷേ, കുട്ടികൾക്ക് കരുതിയ ഭക്ഷണ സാധനങ്ങൾ ഉപയോഗി ച്ച് ഭക്ഷണം ഉണ്ടാക്കി കഴിച്ചാണ് തിരിച്ചു പോയത്. ചന്തേര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.