ന്യൂഡൽഹി :- ഗൂഗിൾ പേ വഴിയുള്ള ഫോൺ റീചാർജ് ഇനി മുതൽ സൗജന്യമല്ല. ഏത് കണക്ഷനുള്ള ഉപയോക്താക്കൾക്കും വളരെ പെട്ടെന്ന് റീചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനം സൗജന്യമായിട്ടാണ് ഗുഗിൾ പേ ഒരുക്കിയിരുന്നത്. മികച്ച ഓഫറുകളും ഇതുപയോഗിക്കുന്നവർക്ക് ലഭിച്ചിരുന്നു. എന്നാൽ ഗൂഗിൾ പേ ഇതുവരെ ഔദ്യോഗികമായി പണമീടാക്കുന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. ഇതിനെപ്പറ്റി നോട്ടിഫിക്കേഷനും ഉപയോക്താക്കൾക്ക് ലഭിച്ചിട്ടില്ല. അധികചാർജ് ഈടാക്കുന്നതിനെപ്പറ്റി ഒരു ഉപയോക്താവ് സ്ക്രീൻഷോട്ട് ഉൾപ്പെടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. . 749 രൂപയുടെ ജിയോ പ്രീപെയ്‌ഡ് റീ ചാർജ് ചെയ്തപ്പോൾ മൂന്ന് രൂപ അധികമായി ഈടാക്കിയതിന്റെ സ്ക്രീൻ ഷോട്ടാണ് പങ്കുവച്ചിരിക്കുന്നത്. കൺവീനിയൻസ് (സേവ നത്തിനുള്ള) ഫീസായിട്ടാണ് ഇത് ഗൂഗിൾ പേ ഈടാക്കുക എന്നാണ് റിപ്പോർട്ടുകൾ.
ഗൂഗിൾ പേയിലെ റീച്ചാർജ് ഓപ്ഷനിലൂടെയുള്ള യുപിഐ ഇടപാടുകൾക്കാണ് നിലവിൽ അധിക ഫീസ് നൽകേണ്ടിവരിക. അതായത് ഗൂഗിൾ പേയിലൂടെ പ്രീപെയ്‌ഡ് പ്ലാനുകൾ. പർച്ചേസ് ചെയ്യുന്നവർക്കാണ് ഈ ഫീസുണ്ടാവുക. ഇത്തരം ഇടപാടുകൾക്ക് അധികം പണം ഈടാക്കേണ്ടതില്ലെന്നായിരുന്നു ഗൂഗിൾ പേ തീരുമാനിച്ചിരുന്നത്. എന്നാൽ ബിസിനസ് എതിരാളികളായ പേടിഎം, ഫോൺ പേ പോലുള്ള ആപ്പുകൾ അധിക പണം ഈടാക്കുന്നതിനാൽ അതേ വഴി ഗൂഗിൾപേയും സ്വീകരിക്കുകയാണ്.