കണ്ണൂർ :- സംസ്ഥാന ധനവകുപ്പിന്റെ പെൻഷൻ മസ്റ്റർ അക്ഷയ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കിയതിനുള്ള നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം ഐടി മിഷൻ കഴിഞ്ഞ ആഴ്ച ആണ് ലഭിച്ചത്. ഇതടക്കം നിരവധി പുരസ്‌കാരങ്ങൾ സർക്കാർ ഏറ്റുവാങ്ങുമ്പോഴും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കേരളത്തിലെ അക്ഷയകേന്ദ്രങ്ങൾ.
കഴിഞ്ഞ 21 വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് ഉള്ള സർവീസ് ചാർജ്ജ് പരിഷ്കരിച്ചിട്ട് 5 വർഷം കഴിഞ്ഞു. 2018ൽ ആണ് സർവീസ് ചാർജ്ജ് അവസാനമായി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. വർഷാവർഷം പുതുക്കി നൽകേണ്ട റേറ്റ് ചാർട്ടിനായി നിരവധി സമരങ്ങളും നിവേദനങ്ങളും നൽകിയിട്ടും സർക്കാർ ഒരു പരിഗണനയും നൽകിയില്ല.
നിത്യോപയോഗ സാധനങ്ങളുടെ വില, പേപ്പർ, ഇന്റർനെറ്റ്, ഇലക്ട്രിസിറ്റി, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ. ജീവനക്കാരുടെ ശമ്പളം എന്നിവയിൽ 5 വർഷ കാലത്തിനിടക്ക് വലിയ വർധന വന്നപ്പോഴും 5 വർഷം മുന്നേ ഉള്ള സർവീസ് ചാർജ്ജ് തന്നെ ഈടാക്കണം എന്ന് പറയുന്നത് ജീവിക്കാനുള്ള അവകാശത്തിന്മേൽ ഉള്ള കടന്നു കയറ്റമാണ്. 3400 ഓളം അക്ഷയ കേന്ദ്രങ്ങളിലായി 20000 ത്തിൽ അധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. അവരുടെ കുടുംബങ്ങളെ പട്ടിണിയിലേക്ക് നയിക്കുന്ന കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം.
2018 ൽ നിലവിൽ വന്ന സേവന നിരക്ക് പ്രകാരം ആണ് നിലവിൽ അക്ഷയ കേന്ദ്രങ്ങളിൽ ഉള്ളത്, ഓരോ രണ്ട് വർഷത്തിലും പുതുക്കി നൽകേണ്ട സേവനനിരക്ക് സർക്കാർ ഇതുവരെ പുതുക്കി നൽകിയില്ല, ഇതിനായി നിരവധി നിവേദനങ്ങകളും സമരങ്ങളും നടത്തിയെങ്കിലും ഉദ്യോഗസ്ഥ മേധാവികളുടെ നിസ്സഹകരണം കൊണ്ട് നടപ്പിൽ ആയില്ല, ഈ ഉദ്യോഗസ്ഥർ തന്നെ ആണ് അക്ഷയ കേന്ദ്രങ്ങൾക്കെതിരെ പലവിധ കാരണങ്ങൾ പറഞ്ഞു നടപടി കൈക്കൊള്ളുന്നത്, ഇത് വ്യാജ ഓൺലൈൻ കേന്ദ്രങ്ങളെ സഹായിക്കാൻ മാത്രമേ ഉപകാരപ്പെടുകയുള്ളൂ,
കഴിഞ്ഞ വർഷം പെൻഷൻ മസ്റ്ററിംഗ് വീടുകളിൽ പോയി ചെയ്യുന്നതിന് സർക്കാർ നൽകിയ തുക 120 രൂപ ആയിരുന്നു. എന്നാൽ ഈ വർഷം 50 രൂപയായി കുറക്കുക മാത്രമല്ല ജനങ്ങളിൽ നിന്ന് വാങ്ങാനും തീരുമാനിച്ചു. എന്നിട്ടും സ്വന്തം വണ്ടിയിൽ എണ്ണ അടിച്ചു കൊണ്ട് പെൻഷൻ മസ്ട്ടറിങ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിജയകരമായി ചെയ്തവരാണ് അക്ഷയ ജീവനക്കാർ.
നിലവിലെ റെയ്റ്റ് ചാർട്ട് പ്രകാരം ഇൻകം ടാക്സ് ഫയൽ ചെയ്യാൻ അക്ഷയക്ക് നൽകുന്ന തുക 100 രൂപയാണ്. മിനിമം 500 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ഈ ജോലിയുടെ പണിക്കൂലി എങ്കിലും ലഭിക്കുകയുള്ളു. അത് ലഭിക്കാത്തതിനാൽ തന്നെ മിക്ക അക്ഷയ സെൻ്ററുകളും ഈ ജോലി ചെയ്യാറില്ല. നിലവിൽ ടാക്സ് പ്രാക്ടീഷണർമാർ 2000 രൂപ മുതൽ 5000 രൂപ വരെ വാങ്ങുന്ന സേവനമാണിത്.
അതുപോലെ തന്നെ RTO സേവനങ്ങൾക്കും നിലവിലെ റേറ്റ് ചാർട്ട് പ്രകാരം നാമമാത്ര തുക മാത്രം ഈടാക്കാനാണ് അക്ഷയക്ക് സാധിക്കുക. ന്യായമായ പണിക്കൂലി പോലും ലഭിക്കാത്തതിനാൽ ഈ സർവീസും അക്ഷയ കേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കുകയാണ്. ഇത് മുതലാക്കി ഏജൻ്റുമാരും , സ്വകാര്യ സ്ഥാപനങ്ങളും ലാഭം കൊയ്യുകയാണ്
ഇ ഡിസ്ട്രിക്ട് മുതലായ സർക്കാർ ലോഗിൻ നൽകുന്ന സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നൽകാൻ അക്ഷയക്ക് മാത്രമെ സാധിക്കു . എന്നാൽ കൂണു പോലെ മുളച്ച് വരുന്ന സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ മൂന്നും നാലും ഇരട്ടി തുകക്ക് സേവനങ്ങൾ നൽകി ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാൻ ഇവിടെ ഒരു നിയമ സംവിധാനവും ഇല്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ അക്ഷയക്കെതിരെ എങ്ങനെ നടപടിയെടുപ്പിക്കാം എന്ന് ഗവേഷണം നടത്തുകയാണ്.
നിലവിൽ സ്ഥാപനത്തിൻ്റെ മുഴുവൻ മുതൽ മുടക്കും അക്ഷയ സംരംഭകൻ്റെതാണ്. സർക്കാറി യാതൊരു തരത്തിലുള്ള ഗ്രാൻ്റോ അലവൻസുകളോ , ഒന്നും തന്നെ സർക്കാർ നൽകുന്നില്ല. ശമ്പളം , ഇൻ്റർനെറ്റ് ചാർജ്ജ് , ഇലക്ട്രിസിറ്റി ചാർജ് , മെയിൻ്റനൻസ് , തുടങ്ങിയവയെല്ലാം വഹിക്കേണ്ടത് സംരംഭകനാണ്. നിലവിലെ റേറ്റ് ചാർട്ട് പ്രകാരമുള്ള തുഛമായ തുകയിൽ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് സ്റ്റാഫുകൾക്ക് ശമ്പളം നൽകാൻ പോലും സംരംഭകന് സാധിക്കുന്നില്ല. കൊടുക്കേണ്ടതെല്ലാം കൊടുത്തു കഴിഞ്ഞാൽ സംരംഭകൻ്റെ കൈയ്യിൽ ഒന്നും ബാക്കിയില്ല. പലരും മറ്റ് പല ജോലികളും കൂടി ചെയ്ത് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നു.
പ്രശ്നങ്ങൾ തുറന്ന് കാട്ടി സംഘടന നിരവധി നിവേദനങ്ങൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്തെങ്കിലും ഉദ്യോഗസ്ഥർ നൽകുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാം നിരസിക്കപ്പെടുകയായിരുന്നു. ഇത്രയും പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു പോകുമ്പോഴാണ്, വിജിലൻസ് അന്വേഷണങ്ങളും , ഫൈനും ചുമത്തി സംഘടിതമായ പത്രവാർത്തകളും നൽകി അക്ഷയ സംരംഭത്തെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.