മാലിന്യ നിക്ഷേപം ; കണ്ണാടിപ്പറമ്പിൽ സ്കൂളിനും പ്ലൈവുഡ് ഫാക്ടറിക്കും പിഴ ചുമത്തി


കണ്ണാടിപ്പറമ്പ് :- മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നാറാത്ത് ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ കണ്ണാടിപ്പറമ്പ് മാലോട്ട് പ്രവർത്തിക്കുന്ന സിൻസിയർ പ്ലൈവുഡ് എന്ന സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിലെ ജൈവ അജൈവ മാലിന്യങ്ങൾ പരിസരത്തും അതിനോട ചേർന്നുള്ള ജലാശയത്തിലും നിക്ഷേപിച്ചതായി കാണപ്പെട്ടു. പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിക്കുന്നതായും സ്ഥാപനത്തിലെ തൊഴിലാളികൾ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തുന്നതായും ഫാക്ടറിയിലെ മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിടുന്നതായും പ്ലൈവുഡ് നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങൾ ജലാശയത്തോട് ചേർന്ന് നിക്ഷേപിച്ചതായും ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കണ്ടെത്തി. 

കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് സൂളിന് 5000 രൂപ പിഴ ചുമത്തി. സ്കൂളിൽ പേപ്പർ, പ്ലാസ്റ്റിക് തുടങ്ങിയവ തരംതിരിക്കാതെ വിവിധ സ്ഥലങ്ങളിൽ വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു. സംസ്കരണ സംവിധാനം ഇല്ലാത്തതു കാരണം മലിനജലം തുറസായ സ്ഥലത്തേക്ക് ഒഴുക്കിവിടുന്നതായും സ്ക്വാഡ് കണ്ടെത്തി. 

സ്ഥാപനങ്ങൾക്കെതിരായി തുടർനടപടി സ്വീകരിക്കുന്നതിന് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ടീം ലീഡർ എം.പി സുമേഷ്, ടീം അംഗങ്ങളായ സിറാജുദ്ദീൻ, നിതിൻ വത്സലൻ, പഞ്ചായത്ത് ക്ലർക്ക് സുജേഷ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Previous Post Next Post