പത്തനംതിട്ട :- ശബരിമല സന്നിധാനത്തേക്കു തീർഥാടകരുടെ വൻ പ്രവാഹം. തിരക്കു നിയന്ത്രിക്കാൻ തീർഥാടകരുടെ വാഹനങ്ങൾ ഇലവുങ്കൽ, എരുമേലി എന്നിവിടങ്ങളിൽ തടഞ്ഞു. പതിനെട്ടാംപടി കയറാനുള്ള നിര ആറാം ദിവസവും ശബരിപീഠം പിന്നിട്ടു. 9 മണിക്കൂറിൽ കൂടുതൽ കാത്തുനിന്നാണ് തീർഥാടകർ പതിനെട്ടാംപടിക്കൽ എത്തുന്നത്. പടി കയറിയവർ ഒരു മണിക്കൂറിൽ കൂടുതൽ കാത്തുനിന്നാണ് ദർശനം നടത്തിയത്.
മിനിറ്റിൽ 60 മുതൽ 67 പേരെ വരെയാണ് ഇന്നലെ പൊലീസ് പടി കയറ്റിയത്. 70 മുതൽ 75 പേരെ വരെ നേരത്തേ കയറ്റിയിരുന്നു. വേഗം കുറഞ്ഞത് ക്യൂവിന്റെ നീളം കൂടാൻ ഇടയാക്കി. വെർച്വൽ ക്യൂ ബുക്കിങ് നാളെ പരമാവധി പരിധിയിലാണ്. 90,000 പേർക്കാണ് വെർച്വൽക്യു വഴി ഒരു ദിവസം ദർശനം നടത്താൻ കഴിയുന്നത്. നാളത്തേക്ക് 90,000 പേരും ബുക്കു ചെയ്‌തു കഴിഞ്ഞു. ഈ തീർഥാടനകാലത്തെ ഏറ്റവും വലിയ ബുക്കിങ് നാളെയാണ്. വെർച്വൽ ക്യൂവിനു പുറമേ ദിവസവും 10,000 പേർക്ക് സ്പോട് ബുക്കിങ് വഴി ദർശനത്തിന് അവസരം ഉണ്ട്. ഇന്ന് വെർച്വൽ ക്യു ബുക്കിങ് 61,298 പേരാണ്. ഇന്നലെ വൈകിട്ട് 5 മണി വരെ 56,613 പേർ ദർശനം നടത്തി.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ 3.00 അഭിഷേകം 3.30 മുതൽ 11.00 വരെ
കളഭാഭിഷേകം : 11.30
ഉച്ചയ്ക്ക് നട അടയ്ക്കൽ : 1.00
വൈകിട്ട് നടതുറക്കൽ : 4.00
പുഷ്പാഭിഷേകം : 7.00
ഹരിവരാസനം : 10.50
നട അടയ്ക്കൽ : 11.00