ദില്ലി : പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടാനാണ് പുതിയ തീരുമാനം. കൂടാതെ മാധ്യമ പ്രവർത്തകർക്കും, പാർലമെന്റ് ജീവനക്കാർക്കും വെവ്വേറെ ഗേറ്റ് ഒരുക്കാനും തീരുമാനമായി. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോഗിച്ചത്. ആറു പേരാണ് പാർലമെന്റിന് അകത്തും പുറത്തുമായി പ്രതിഷേധിച്ചത്. ഇതിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാമനായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.
സന്ദർശക ഗാലറിയിൽ ഗ്ലാസ് മറ സജ്ജമാക്കും, സന്ദർശക പാസ് അനുവധിക്കുന്നതിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്താനും എയർപോർട്ടിലേതിന് സമാനമായ ബോഡി സ്കാനിംങ് യന്ത്രം സ്ഥാപിക്കുവാനും തീരുമാനിച്ചു. മൈസൂരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. പാർലമെന്റ് അതിക്രമവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയത് ആറ് പേരെന്ന് ദില്ലി പൊലീസ് പറയുന്നു. കേസിൽ ലളിത് ഝാ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ആറാമനായി തെരച്ചിൽ തുടരുകയാണ്. ചില തീവ്രസംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് ദില്ലി പൊലീസ് നൽകുന്ന വിവരം.
6 പേരും നാല് വർഷമായി പരിചയക്കാരാണ്. നാലു പേരും ഒന്നിച്ച് സഭയിൽ കയറാനായിരുന്നു തീരുമാനം. എന്നാൽ രണ്ടു പേർക്ക് മാത്രമാണ് പാസ് കിട്ടിയത്. ആറാമനായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും ദില്ലി പൊലീസ് പറയുന്നു.