വികസിത ഭാരത സങ്കല്പ് യാത്ര ; ജില്ലയില്‍ പര്യടനം തുടരുന്നു
കണ്ണൂർ :- കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ വികസന പദ്ധതികള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വികസിത ഭാരത് സങ്കല്പ യാത്ര ജില്ലയുടെ മലയോര മേഖലകളില്‍ പര്യടനം തുടരുന്നു. ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച യാത്രയില്‍ വിവിധ ഗുണഭോക്താക്കള്‍ക്ക് പദ്ധതികളില്‍ അംഗങ്ങളാകാന്‍ അവസരമൊരുക്കി. പ്രധാനമന്ത്രി ഉജ്വല യോജനയില്‍ ഉള്‍പെടുത്തി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന് നല്കി. കാര്‍ഷികാവശ്യങ്ങള്‍ക്ക് പ്രത്യേകമായി വികസിപ്പിച്ച ഡ്രോണ്‍ പ്രദര്‍ശിപ്പിച്ചു. ഉദയഗിരി പഞ്ചായത്തില്‍ കൃഷി വിജ്ഞാന് കേന്ദ്ര അസി. പ്രൊഫസര്‍ ജെ എം റിനിഷയും ആലക്കോട് ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോജി കണ്ണിക്കാട്ടിലും ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ വിദഗ്ധര്‍ വിശദീകരിച്ചു. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ഡിസംബര്‍ ഏഴിന് ചപ്പാരപ്പടവ്, നടുവില്‍ പഞ്ചായത്തുകളില്‍ വികസിത ഭാരത് സങ്കല്പ യാത്ര പര്യടനം നടത്തും.