പുതിയതെരു : ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന 39-മത് അഖിലഭാരത ഭാഗവതസത്രത്തിന് കൊടിയേറി. ഗുരുവായൂരപ്പന്റെ തങ്കവിഗ്രഹം പുഴാതി സോമേശ്വരിക്ഷേത്രം ദ്വാരകാപുരിയിലെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചതോടെ 12 ദിവസത്തെ ഭാഗവതസത്രത്തിന് തിരിതെളിഞ്ഞു.
സോമേശ്വരി ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലത്ത് മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പ്രതിഷ്ഠ നടത്തിയത്. ഞായറാഴ്ച പുലർച്ചെ അഞ്ചിന് യജ്ഞശാലയിൽ കോട്ടയം സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിൻ്റെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. ഗുരുവായൂർ മണിസ്വാമി ഭാഗവതമാഹാത്മ്യവും വിഷ്ണു സഹസ്രനാമ പാരായണവും നടത്തി. തൃശ്ശൂർ ബ്രഹ്മസ്വം നടുവിൽമഠം മൂപ്പിൽ സ്വാമിയാർ അച്യുത ഭാരതി സ്വാമികൾ (പുഷ്പാഞ്ജലി സ്വാമിയാർ) അനുഗ്രഹപ്രഭാഷണം നടത്തി. തൃശ്ശൂർ ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി നന്ദാത്മജാനന്ദ, അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി കൈവല്യാനന്ദ സരസ്വതി, സ്വാമി സാധു വിനോദ്, സ്വാമി ആത്മചൈതന്യ, ചിറക്കൽ കോവിലകം വലിയ രാജ ഉത്രാടം തിരുനാൾ സി.കെ. രാമവർമ്മ, അഖിലഭാരത അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് തുടങ്ങിയവർ സംബന്ധിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഗുരുവായൂരപ്പന്റെ തങ്കവിഗ്രഹവും വഹിച്ചുള്ള രഥയാത്ര ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രനടയിലെ സ്വീകരണത്തിനുശേഷം ഘോഷയാത്രയായാണ് പുഴാതി സോമേശ്വരി ക്ഷേത്രത്തിലെത്തിച്ചത്.