ശ്രവണ സഹായികളുടെ ഓൺലൈൻ വഴിയുള്ള പരസ്യങ്ങളും വിൽപനയും നിരോധിച്ചു


കാസർകോട് :- കേൾവിക്കുറവുള്ള വ്യക്‌തികൾ ഉപയോഗിക്കുന്ന ശ്രവണ സഹായികളുടെ ഓൺലൈൻ വഴിയുള്ള പരസ്യങ്ങളും വിൽപനയും നിരോധിച്ചുകൊണ്ട് ഭിന്ന ശേഷിക്കാർക്കായുള്ള ചീഫ് കമ്മിഷണറുടെ കോടതി ഉത്തരവിട്ടതായി ഇന്ത്യൻ സ്‌പീച്ച് ആൻഡ് ഹിയറിങ് അസോസിയേഷൻ ഭാരവാഹികളായ ബി.വരുൺ, ജി ജുൽവാസ്, എൻ.രാഹുൽ, സിമി എം.സീബാ എന്നിവർ അറിയിച്ചു. ഇന്ത്യൻ സ്പ‌ീച്ച് ആൻഡ് ഹിയറിങ് അസോസിയേഷൻ സെക്രട്ടറി ഡോ സുമൻ കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഭിന്നശേഷിക്കാർക്കായുള്ള ചീഫ് കമ്മിഷണർ രാഗേഷ് അഗർവാൾ ഉത്തരവിട്ടതെന്നും ഇവർ അറിയിച്ചു.

മരുന്ന്, ശസ്ത്രക്രിയ എന്നിവ കൊണ്ട് കേൾവിക്കുറവ് ഭേദമാകാത്തവർക്ക് കേൾവി സാധ്യമാക്കാൻ തികച്ചും ശാസ്ത്രീയമായി വിദഗ്‌ധർ നിർദേശിക്കുന്ന മെഡിക്കൽ ഉപകരണമാണ് കേൾവി സഹായികൾ. ശാസ്ത്രീയമായ രീതിയിൽ കേൾവി പരിശോധന നടത്തി കേൾവിക്കുറവിൻ്റെ തീവ്രതയും മറ്റു ഘടകങ്ങളും പരിഗണിച്ചാണ് ഓഡിയോളോജിസ്‌റ്റുകൾ ശ്രവണ സഹായികൾ നിർദേശിക്കുന്നത്. കംപ്യൂട്ടറിന്റെ സഹായത്തോടുകൂടി പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ശ്രവണ സഹായികൾ രോഗിയുടെ കേൾവിക്കുറവിന് അനുസൃതമായി ക്രമീകരിക്കുന്നത്.

ഓൺലൈൻ വഴി ഉള്ള കേൾവി സഹായികൾ ഇത്തരം ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഓൺലൈൻ വഴി ലഭ്യമാകുന്ന ശ്രവണ സഹായികൾ ഉപയോഗിക്കുന്നതോടെ രോഗികളുടെ അവശേഷിക്കുന്ന കേൾവിയെയും അത് ദോഷകരമായി ബാധിക്കുന്നതായി കമ്മിഷനു ബോധ്യപ്പെട്ടതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ റജിസ്റ്റ‌ർ ചെയ്ത്‌ മതിയായ യോഗ്യതയുള്ള ഓഡിയോളോജിസ്റ്റുകളുടെ ശാസ്ത്രീയമായ കേൾവി പരിശോധനക്കും കേൾവി സഹായി രോഗിയുടെ ചെവിയിൽ വച്ച് നടത്തുന്ന പരിശോധനയായ ഹിയറിങ് എയ്‌ഡ് ട്രയലിനും ശേഷം മാത്രമേ ശ്രവണ സഹായികൾ ആവശ്യക്കാർക്ക് ലഭ്യമാക്കാവു എന്നതിനാലാണ് ഓൺലൈൻ വഴിയുള്ള ശ്രവണ സഹായികളുടെ പരസ്യവും വിൽപനയും നിർത്തിവയ്ക്കാൻ ഭിന്നശേഷിക്കാർക്കായുള്ള കമ്മിഷണർ ഉത്തരവിട്ടതെന്നും ഇവർ പറഞ്ഞു.

Previous Post Next Post