പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ലാത്ത 11 ഇനം വ്യത്യസ്ഥ ജീവി വർഗങ്ങളുടെ സാന്നിധ്യം ഗവേഷകർ സ്ഥിരീകരിച്ചു. കടുവാ സങ്കേതത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന ജന്തു സർവ്വേയിൽ മൂന്ന് പക്ഷികൾ, നാല് ചിത്രശലഭങ്ങൾ, നാല് തുമ്പികള്‍ എന്നിവയെയാണ് പുതിയതായി തിരിച്ചറിഞ്ഞത്. കേരളത്തിലെ മറ്റ് വനമേഖലകളിൽ കാണപ്പെടുന്നവയും എന്നാൽ പറമ്പിക്കുളത്ത് ഇല്ലാത്തവയുമാണ് ഇവയെന്ന് ഗവേഷകര്‍ അറിയിച്ചു.
മൂന്ന് ദിവസം കൊണ്ട് ആകെ 204 ഇനം ചിത്രശലഭങ്ങളെ കടുവ സംരക്ഷണ സങ്കേതത്തിൽ നിന്ന് സംഘം തിരിച്ചറിഞ്ഞു. ഇതിൽ നാല് എണ്ണം പറമ്പിക്കുളത്ത് പുതിയതാണ്. നീലഗിരി നാൽക്കണ്ണൻ, തളിർനീനിലി, ഓഷ്യൻ ബ്ലൂ ബോർഡർ , നാട്ടുപനന്തുള്ളൻ എന്നിവയാണ് പുതുതായി കണ്ടെത്തിയ ചിത്രശലഭങ്ങള്‍. ഇതോടെ റിസർവിൽ ഇതുവരെ രേഖപ്പെടുത്തിയ ചിത്ര ശലഭങ്ങളുടെ എണ്ണം 287 ആയി. തെക്കൻ ഗരുഡ ശലഭം, മലബാർ റോസ്, പുലിവാലാൻ, ബുദ്ധമയൂരി, മഞ്ഞ പാപ്പാത്തി, കരിയില ശലഭം, സഹ്യാദ്രി ലയിസ് വിങ്, വനദേവത, നീലഗിരി കടുവ എന്നിവയാണ് മറ്റ് പ്രധാന കണ്ടെത്തലുകൾ. അനേഷ്യസ്‌ന മാർട്ടിനി സെലിസ്, പാരഗോംഫസ് ലീനാറ്റസ്, ഡിപ്ലകോഡ്സ് ലെഫെബ്‌വ്രി, ട്രൈറ്റെമിസ് പാലിഡിനെർവിസ്, അഗ്രിയോക്‌നെമിസ് പിയറിസ്, എന്നിവയാണ് പുതിതായി കണ്ടെത്തിയ തുമ്പിക്കൾ. ആകെ 41 ഇനം തുമ്പികളെ കണ്ടെത്തി. ഇതോടെ ആകെ തുമ്പികളിടെ എണ്ണം 54 ൽ നിന്ന് 58 ആയി ഉയർന്നു.
162 ഇനം പക്ഷികളാണ് റിസർവിലെ ഇപ്പോഴത്തെ സാന്നിധ്യം. കുറുകിയ പാമ്പ് കഴുകൻ, ബ്രൗൺ വുഡ് ഓൾ (കൊല്ലികുറുവൻ), പാഡിഫീൽഡ് പിപിറ്റ് ( വയൽ വരമ്പൻ) എന്നിവയാണ് പുതിയ പക്ഷികൾ. ശ്രീലങ്കൻ ഫ്രോഗ്‌മൗത്ത് (മാക്കാച്ചിക്കാട), ഗ്രേറ്റ് ഈയർഡ് നൈറ്റ്‌ജാർ ( ചെവിയൻരാച്ചുക്ക്) ഓറിയന്‍റൽ ഡാർട്ടർ ( ചേരക്കോഴി), റിവർ ടെൺ (പുഴ ആള), ബ്ലാക്ക് ഈഗിൾ (കരിമ്പരുന്ത്), ബോനെല്ലിസ് ഈഗിൾ (ബൊനെല്ലിപ്പരുന്ത്), ലെസ്സർ ഫിഷ് ഈഗിൾ (ചെറിയ മീൻ പരുന്ത്, ഗ്രേ-ഹെഡഡ് ഫിഷ് ഈഗിൾ (വലിയ മീൻ പരുന്ത്), ബ്രൗൺ ഫിഷ് ഓൾ (മീൻ കൂമൻ), ലെസ്സർ അഡ്‌ജൂട്ടന്‍റ് (വയൽ നായ്ക്കൻ), മലബാർ ട്രോഗൺ (തീക്കാക്ക), വേഴാമ്പൽ, മലബാർ പാരക്കീറ്റ് (നീല തത്ത), വൈറ്റ്-ബെല്ലിഡ് ഡ്രോങ്കോ (കാക്ക രാജൻ), കോമൺ റോസ്ഫിഞ്ച് (റോസക്കുരുവി), ബ്ലാക്ക് ബുൾബുൾ, വയനാട് ലാഫിംഗ്-ത്രഷ്, ടിക്കെൽസ് ബ്ലൂ ഫ്ലൈകാച്ചർ എന്നിവയാണ് പക്ഷിളിലെ പ്രധാന കണ്ടെത്തൽ. ഇതോടെ ഇതുവരെ പറമ്പിക്കുളത്ത് സാന്നിധ്യം അറിയിച്ച പക്ഷികളുടെ എണ്ണം 295 ആയി. ആനകൾ, കാട്ടുപോത്ത്, പുള്ളിമാൻ, കലമാൻ എന്നിവയുടെ കൂട്ടങ്ങൾ, പറക്കുന്ന അണ്ണാൻ, വരയൻ കഴുത്തുള്ള കീരി, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, നീർനായ, മുതലകൾ തുടങ്ങിയ മൃഗങ്ങളെയും ഗവേഷകർ നേരിട്ട് കണ്ടു.