കുന്നത്തൂർ പാടി ഉത്സവത്തിന് വൻ ഭക്തജനത്തിരക്ക് ; ഉത്സവം ജനുവരി 16 ന് സമാപിക്കും


ശ്രീകണ്ഠപുരം :- കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പനയുത്സവം ജനുവരി 16- ന് സമാപിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പാടിയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ക്രിസ്മസ് അവധി ദിനങ്ങളിൽ മറ്റ് ജില്ലകളിൽ നിന്നടക്കം ഒട്ടേറെപ്പേരെത്തി. ഇതുവരെ അഞ്ചുലക്ഷത്തോളം ഭക്തർദർശനം നടത്തിയെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ പറഞ്ഞു.

ഡിസംബർ 19- നാണ് ഉത്സവം തുടങ്ങിയത്. ഉത്സവദിവസങ്ങളിൽ വൈകിട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി ഒൻപതിന് തിരുവപ്പനയും കെട്ടിയാടും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയുമുണ്ടാകും. 15-ന് രാത്രിയോടെ തിരുവപ്പനയുടെ സമാപനച്ചടങ്ങുകൾ തുടങ്ങും. തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണവരെ ഏൽപ്പിക്കും. ശുദ്ധികർമത്തിനുശേഷം വാണവരുടെ അനുവാദം വാങ്ങിമുടിയഴിക്കും. മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. തുടർന്ന്ഭക്തജനങ്ങളും വാണവരും പാടിയിൽനിന്ന് പടിയിറങ്ങും. അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢപൂജകളും നടക്കും.

ഇതിനുശേഷം 16-ന് രാവിലെ അഞ്ഞൂറ്റാൻ ഉൾപ്പെടെയുള്ളവർ മലയിറങ്ങും. തുടർന്ന് മുത്തപ്പനെ മലകയറ്റൽ ചടങ്ങുമുണ്ടാവും. ഉത്സവം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ചന്തൻ നടത്തുന്ന കരിയടിക്കലോടെ ഈ വർഷത്തെ തിരുവപ്പനയുത്സവച്ചടങ്ങുകൾ പൂർത്തിയാകും. വർഷത്തിൽ തിരുവപ്പന ഉത്സവം നടക്കുന്ന ഒരുമാസം മാത്രമേ പാടിയിലേക്ക് ഭക്തർ പ്രവേശിക്കുകയുള്ളൂ.

Previous Post Next Post