പയ്യന്നൂർ :- രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ട ത്തിന് ഇന്നു തുടക്കം. മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി അണിയുന്ന കുണ്ടോറ വിനു പെരുവണ്ണാൻ എന്ന കനലാടി ക്ഷേത്രമുറ്റത്തെ കുച്ചിലിൽ തൻ്റെ ശരീരം ഭഗവതിക്കു തേരിറങ്ങി വരാൻ പാകപ്പെടുത്തി. കുച്ചിലെ കന്നിമൂലയിൽ കത്തിച്ചുവച്ച നിറഞ്ഞ ദീപത്തിന്റെ വെളിച്ചത്തിലാണ് കനലാടി ശരീരത്തെയും മനസ്സിനെയും ഒരുക്കിയത്. അവിടെ ഒരുക്കി ച്ച വാൽകണ്ണാടിക്കും പൊയ്ക്ണ്ണിനും വെള്ളി എകിലിനും സാക്ഷിയാക്കിയായിരുന്നു നോറ്റിരിപ്പ്. തുടർന്നു ഭഗവതിയുടെ കോമരത്തിനും കാരണവന്മാർക്കുമൊപ്പം തീക്കുഴിച്ചാലിലേക്കും രയരമംഗലത്തേക്കും യാത്ര ചെയ്‌തു. തിരിച്ചു വരുംവഴി കരിവെള്ളൂരിലെ ആദി മുച്ചിലോട്ടെത്തി വണങ്ങി. ഈ യാത്ര കഴിഞ്ഞു കുച്ചിലിൽ തിരിച്ചെത്തിയ കോലക്കാരൻ ഭഗവതിയുടെ ജീവിതം തൻ്റെ അനുഭവമാക്കി മാറ്റുമെന്നാണു വിശ്വാസം.
ഇന്നു വൈകിട്ട് 4ന് ക്ഷേത്ര തിരുമുറ്റത്തു ഭഗവതിയുടെ തോറ്റമെത്തും. 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടക്കുന്ന ഈ പ്രത്യക്ഷപ്പെടൽ മനം നിറയെ കാണാൻ നാടു മുഴുവൻ ഈ തിരുമുറ്റത്തെത്തും. ജനുവരി 11ന് ഉച്ചയ്ക്കാണു മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരുക. ഇന്നു പുലർച്ചെ ഗണപതി ഹോമത്തിനു ശേഷം 6 മണിക്കു വാല്യക്കാരുടെ കലശംകുളി നടക്കും. 8 മണിക്ക് അരങ്ങിൽ അടിയന്തിരത്തിനു ശേഷം രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിൽ നിന്നു ദീപവും തിരിയും കൊണ്ടുവന്ന് അന്തിത്തിരിയൻ കുഴിയടുപ്പിൽ അഗ്നി പകരും. ഉച്ചയ്ക്ക് ഒരു മണിക്ക് തിടങ്ങൽ.
വൈകിട്ട് 3നു മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം. 5.30ന് പുലിയൂർ കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടം അരങ്ങിലെത്തും. വൈകുന്നേരം 7ന് അന്നദാനം. രാത്രി 9നു മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം. വൈകിട്ട് 6 മണിക്കു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും. സുവനീർ മന്ത്രി പ്രകാശനം ചെയ്യും.