മുംബൈ :- പാളത്തിലെ ജോലിക്കിടെ ലോക്കൽ ട്രെയിൻതട്ടി മൂന്ന് പശ്ചിമ റെയിൽവേ ജീവനക്കാർ മരിച്ചു. തിങ്കളാഴ്ച നായ്‌ഗാവ്, വസായ് റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം. സീനിയർ സെക്‌ഷൻ എൻജിനിയർ (സിഗ്നൽ) വാസുമിത്ര, അസിസ്റ്റൻ്റ് എൻജിനിയർ സചിൻ വാംഖഡെ, സിഗ്നൽ അറ്റകുറ്റപ്പണിക്കാരൻ സോമനാഥ് ലംബുതുറെ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7. 32-ന് വസായ് റോഡ്, നായ്‌ഗാവ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സിഗ്നൽതകരാർ പരിഹരിക്കാനെത്തിയ അഞ്ചംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. രാത്രി 8.55 ന് ഇതുവഴി പോയ ലോക്കൽ ട്രെയിൻ പാളത്തിൽ ജോലി ചെയ്യുകയായിരുന്ന മൂന്നുപേരെ ഇടിക്കുകയായിരുന്നു. പാളത്തിനു സമീപത്തുണ്ടായിരുന്ന മറ്റു രണ്ടു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
റെയിൽവേ അടിയന്തരസഹായമായി മരിച്ചവരുടെ കുടുംബത്തിന് 55,000 രൂപവീതം നൽകിയിട്ടുണ്ട്. മറ്റു സഹായധനം റെയിൽവേ 15 ദിവസത്തിനുള്ളിൽ നൽകുമെന്ന് പശ്ചിമറെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പറഞ്ഞു. വാസു മിത്രയ്ക്ക് 1.24 കോടിയും മറ്റു രണ്ടുപേർക്ക് 40 ലക്ഷം രൂപ വീതവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.