മയ്യിൽ :- ക്വിറ്റ് പ്ലാസ്‌റ്റിക് എന്നത് കേവലമായ മുദ്രാവാക്യവുമായിരുന്നില്ല കയരളം നോർത്ത് എ.എൽ.പിയിലെ കുട്ടികൾക്ക്. മണ്ണിനേയും വായുവിനേയും നമ്മളെത്തന്നെയും അപകടത്തിലാക്കുന്ന ഒറ്റത്തവണ ഉപയാഗത്തിനുള്ള പ്ലാസ്‌റ്റികിനെ സ്‌കൂൾ വളപ്പിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് ഇവിടുത്തെ കുട്ടികൾ. ഏറ്റവും ഒടുവിൽ പഠനയാത്രയെ അവയ്‌ക്കെതിരായുള്ള പോരാട്ടത്തിനുള്ള അവസരമാക്കുകയാണ് വിദ്യാലയം.
സ്‌കൂൾ പഠനയാത്രയുടെ ഭാഗമായി മാട്ടുൽ കടപ്പുറത്തെത്തിയ കുട്ടികൾ രണ്ടുമണിക്കൂറോളം ചെലവഴിച്ചാണ് കടപ്പുറത്തെ പ്ലാസ്‌റ്റിക് മാലിന്യം സമാഹരിച്ച് ഹരിതകർമസേനയ്‌ക്ക് കൈമാറിയത്. ബീച്ചിലെത്തുന്നവർ ഉപേക്ഷിച്ച പ്ലാസ്‌റ്റിക് ബോട്ടിലുകൾ മുതൽ മിഠായിക്കവറുകൾ വരെ കുട്ടികളും അധ്യാപകരും ചേർന്ന് നീക്കം ചെയ്‌തു.ശേഖരിച്ച മാലിന്യം കടപ്പുറത്ത് വെച്ചുതന്നെ മാട്ടുൽ പഞ്ചായത്ത് ഹരിതകർമസേനയ്‌ക്ക് കൈമാറി. പ്ലാസ്‌റ്റിക് മാലിന്യം കടലിൽ എത്തിയാലുള്ള വിപത്തുകളെ ഓർമപ്പെടുത്തിയായിരുന്നു ശ്രമദാനത്തിന്റെ തുടക്കം.
ക്വിറ്റ് പ്ലാസ്‌റ്റിക് എന്ന പേരിൽ സ്‌കൂൾ നടപ്പാക്കുന്ന അധ്യയനവർഷം മുഴുവൻ നീളുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ബഹുമുഖ പ്രവർത്തനം ഏറ്റെടുത്തത്. കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും കുടുംബങ്ങളിലൂടെ സമൂഹത്തിലേക്കും വ്യാപരിക്കുകയാണ് സ്‌കൂൾ മുന്നോട്ടുവെച്ച ആശയം. പ്രദേശത്തെ വീടുകളിലേയും സ്ഥാപനങ്ങളിലേയും പ്ലാസ്‌റ്റിക് ഉപയോഗത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ സമാഹരിച്ചായിരുന്നു ക്യാമ്പയിന്റെ തുടക്കം. തുണി സഞ്ചിവിതരണം, ബോധവൽക്കരണം, പേപ്പർ ബാഗ് നിർമാണ പരിശീലനം, പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ നിർമാണം, ബോധവൽക്കരണ റാലി, കരകൗശല നിർമാണ ശിൽപശാല, നാടകം, ഫ്‌ളാഷ്‌മോബ് തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ മാസങ്ങളിലായി നടക്കുന്നു. ക്യാമ്പയിനിലൂടെ സ്‌കൂൾ ക്യാമ്പസ് പൂർണമായും പ്ലാസ്‌റ്റിക് വിമുക്തമായി.