ന്യൂഡൽഹി :- ഗുണനിലവാരമില്ലാത്ത മരുന്നു നിർമിക്കുന്ന കമ്പനികൾക്കെതിരേ പിഴയടക്കമുള്ള കർശന നടപടി ശുപാർശ ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിനായി മരുന്നു നിർമാണ നിയമങ്ങൾ പരിഷ്ക്കരിച്ച് വിജ്ഞാപനമിറക്കി. മരുന്നുനിർമാണം, പ്ലാൻ്റിലെ അടിസ്ഥാന സൗകര്യങ്ങൾ, നിർമാണ ഉപകരണങ്ങൾ തുടങ്ങി സമ്പൂർണതലത്തിലും നിലവാരം ഉറപ്പാക്കും. ചിട്ടയായ ശാസ്ത്രീയ പരിശോധനകളിലൂടെ മരുന്നിന് അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണമെന്നും പരാതി ലഭിച്ചാൽ മരുന്നുകൾ പൂർണമായും വിപണിയിൽ നിന്ന് പിൻവലിക്കണമെന്നും നിർദേശമുണ്ട്.
ഇന്ത്യൻ ചുമമരുന്നുകൾ കഴിച്ച് ഗാംബിയ, ഉസ്ബെകി സ്താൻ, ഇറാഖ് എന്നിവിടങ്ങളിൽ നൂറോളം കുട്ടികൾ മരിച്ചെന്ന ആരോപണം നാണക്കേടുണ്ടാക്കിയിരുന്നു. അതിൻ്റെ പശ്ചാത്തലത്തിൽ മരുന്നിൻ്റെ ഗുണനിലവാരത്തിൽ ലോകാരോഗ്യസംഘടന സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി.
1945-ലെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങൾ ഭേദഗതി ചെയ്താണ് ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. ഫാർമസ്യൂട്ടിക്കൽ ക്യാളിറ്റി സിസ്റ്റം (പി. ക്യു.എസ്.), ക്യാളിറ്റി റിസ്സ് മാനേജ്മെന്റ് (ക്യു.ആർ.എം.), പ്രോഡക്റ്റ് ക്വാളിറ്റി റിവ്യൂ (പി.ക്യൂ.ആർ.), ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ യോഗ്യതയും മൂ ല്യനിർണയവും കംപ്യൂട്ടറൈസ്ഡ് സ്റ്റോറേജ് സംവിധാനം എന്നിങ്ങനെ അഞ്ചു പ്രധാന മാറ്റങ്ങളാണ് ചട്ടങ്ങളിൽ വരുത്തിയിരിക്കുന്നത്.
സർക്കാർ അംഗീകൃത സംവിധാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനുമുമ്പ് ഉത്പന്നങ്ങളുടെ വിൽപ്പന, വിതരണം എന്നിവ പാടില്ല. മരുന്നുനിർമാണ യൂണിറ്റ്, പരിസരം എന്നിവിടങ്ങളിലും ഉപകരണങ്ങൾ, ഉത്പാദന സാമഗ്രികൾ, കണ്ടെയ്‌നറുകൾ, അണു വിമുക്തമാക്കുന്നതിനുള്ള ഉത്പന്നങ്ങൾ എന്നിവയിലും ഉയർന്ന തലത്തിലുള്ള ശുചിത്വം പാലിക്കണം.
ഡ്രഗ്‌സ് ടെക്നിക്കൽ അഡൈസറി ബോർഡുമായി കൂടിയാലോചിച്ചാണ് പരിഷ്ക്കരണ നിർദേശങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഗുണമേന്മ ഉറപ്പാക്കാൻ മരുന്നുകൾക്ക് ലോകാരോഗ്യസംഘടനയുടെ മരുന്നുനിർമാണ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് ചെറുകിട നിർമാതാക്കൾക്ക് ആറുമാസവും വലിയ യൂണിറ്റുകൾക്ക് ഒരുവർഷവും സമയവും അനുവദിച്ചിരുന്നു.