ജിദ്ദ :- ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യമന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷ കാര്യമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് കരാറിലൊപ്പിട്ടത്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ ഖാൻ, കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇരുരാജ്യങ്ങളിലെയും ഉന്നതോദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യയിൽനിന്നുള്ള മുഴുവൻ തീർഥാടകർക്കും സമഗ്രമായ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയുമായി ചർച്ച ചെയ്തതായി മന്ത്രി സ്മൃതി ഇറാനി 'എക്സി'ൽ കുറിച്ചു. തങ്ങളുടെ തീർഥാടകർക്ക് അത്യാവശ്യവിവരങ്ങൾ നൽകുന്നതിൽ ഇന്ത്യയുടെ ഡിജിറ്റൽ സംരംഭങ്ങളെ സൗദി പ്രതിനിധികൾ അഭിനന്ദിച്ചു. ഹജ്ജ് തീർഥാടനത്തിൽ മെഹ്റം (ആൺതുണ) ഇല്ലാതെയുള്ള സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ നിർദേശം ഉൾക്കൊള്ളാനുള്ള സൗദി അധി കൃതരുടെ പ്രതിബദ്ധതയെ സ്മൃതി ഇറാനിയും പ്രശംസിച്ചു. ജിദ്ദയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഹജ്ജ്, ഉംറ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ തിങ്കളാഴ്ച സ്മൃതി ഇറാനി പങ്കെടുക്കും.