ട്രെയിനിൽ യാത്രക്കാരന്റെ കയ്യിൽ നിന്നും ചായ മറിഞ്ഞ് ഏഴുവയസ്സുകാരന് പൊള്ളലേറ്റു


കണ്ണൂർ :-  ട്രെയിനിൽ അടുത്ത സീറ്റിലെ യാത്രക്കാരൻ്റെ കൈയിലെ ചൂടുള്ള ചായ മറിഞ്ഞ് ഏഴുവയസ്സുകാരന് കൈയിലും കാലിലും സാരമായി പൊള്ളലേറ്റു. മാതാവ് അപായച്ചങ്ങല വലിച്ച് ട്രെയിൽ നിർത്തിയിട്ടും ആരും സഹായിക്കാനെത്തിയില്ലെന്ന് പരാതി. വണ്ടിയിലോ തുടർ സ്റ്റേഷനിലോ പ്രാഥമികചികിത്സ നൽകിയിരുന്നെങ്കിൽ പൊള്ളൽ ഇത്ര സാരമാകില്ലായിരുന്നു. വിവരം പറഞ്ഞപ്പോൾ ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പറിൽ കയറിയതിന് ടി.ടി.ഇ ശകാരിച്ചുവെന്നും പരാതിയുണ്ട്. ചായ മറിച്ച യാത്രക്കാരനും ഒന്നു സഹായിക്കുക പോലും ചെയ്യാതെ ഇറങ്ങിപ്പോയി. ഒടുവിൽ മാതാവ് ഒറ്റയ്ക്കാണ് മകനെ ആസ്പത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം മലബാർ എക്സ്പ്രസിലാണ് സംഭവം.

തലശ്ശേരി രണ്ടാം ഗേറ്റിനടുത്ത് സുമയ്യ-മൗഫൽ ദമ്പതിമാരുടെ മകൻ ഹാദിനാണ് പൊള്ളലേറ്റത്. മകനെ മംഗളൂരു ദർലക്കട്ടയിലുള്ള ആസ്പത്രിയിലെ ദന്ത ഡോക്ടറെ കാണിക്കാനാണ് രാവിലെ തലശ്ശേരിയിൽനിന്ന് ട്രെയിനിൽ കയറിയത്. ജനറൽ ടിക്കറ്റാണ് എടുത്തത്. ആളൊഴിഞ്ഞ റിസർവ് കോച്ചിൽ സുമയ്യയും മകനും ഇരുന്നു. വണ്ടി കണ്ണപുരത്തെത്താറായപ്പോഴാണ് സംഭവം.

പരിഭ്രാന്തിയിൽ ചെയിൻ വലിച്ചു. ടി.ടി.ഇ യോട് കാര്യം പറയാൻ കുറെ കോച്ചുകൾ നടന്നു. ജനറൽ ടിക്കറ്റെടുത്ത് റിസർവേഷനിൽ കയറിയതിനാണ് അവർ പേടിപ്പിച്ചത്. തിരിച്ച് കോച്ചിൽ വന്നപ്പോൾ ചായ മറിച്ച ആളുമില്ല. ഒടുവിൽ ഉള്ളാളിൽ ഇറങ്ങി. ആസ്പത്രിയിലെത്തി മരുന്ന് പുരട്ടി. പിന്നീട് തലശ്ശേരി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ടി.ടി.ഇ. ഈ വിവരം അടുത്ത സ്റ്റേഷനിലും കൺട്രോൾ റൂമിലും അറിയിച്ചിരുന്നുവെന്നാണ് റെയിൽവേ വൃത്തങ്ങൾ പറഞ്ഞത്.

Previous Post Next Post